ക്യാപ്റ്റൻ മാറിയിട്ടും കോച്ച് മാറിയിട്ടും സഞ്ജുവിന് അവഗണന!! രണ്ടാം ട്വന്റി20യിലും ചുവപ്പ് കാർഡ്!!

   

ഇന്ത്യൻ ടീമിൽ കുറച്ചധികം കാലങ്ങളായി അവഗണനകൾ അനുഭവിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യക്കായി സമീപകാലത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യ സഞ്ജുവിന് വേണ്ടവിധത്തിൽ അവസരങ്ങൾ നൽകിയില്ല. 2022 ഏഷ്യകപ്പിലും ട്വന്റി20 ലോകകപ്പിലും സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് ന്യൂസിലാൻഡിനെതിരായ പരമ്പരയ്ക്കുള്ള സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ എല്ലാവരും സന്തോഷിച്ചു. എന്നാൽ ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ സഞ്ജുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയില്ല.

   

മത്സരത്തിന് മുമ്പ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി മുൻ ഇന്ത്യൻ താരം സുനീൽ ഗവാസ്കർ സംസാരിച്ചിരുന്നു. “സഞ്ജുവിനെ പോലെയുള്ള യുവകളിക്കാരെയാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. സഞ്ജുവിന് ഒരു പത്തു മത്സരങ്ങൾ തുടർച്ചയായി നൽകുക. രണ്ടു മത്സരങ്ങളിൽ കളിപ്പിച്ച ശേഷം ഒഴിവാക്കുന്ന രീതി ഉപേക്ഷിക്കുക. മറ്റുള്ളവരെ മാറ്റിയെങ്കിലും സഞ്ജുവിന് അവസരം നൽകണം. അതിനുശേഷം കൂടുതൽ അവസരങ്ങൾ അയാൾക്ക് നൽകണമോയെന്ന് തീരുമാനിക്കണം.”- ഗവാസ്കർ പറഞ്ഞു. എന്നാൽ ഇതിനെതിരാണ് മത്സരത്തിൽ നടന്നത്.

   

ലോകകപ്പിലും ഏഷ്യാകപ്പിലുമടക്കം തുടർച്ചയായി ബാറ്റിംഗിൽ പരാജയപ്പെട്ട പന്തിനെയും ദീപക് ഹൂഡയെയുമൊക്കെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുകയും, സഞ്ജുവിനെ വീണ്ടും ഒഴിവാക്കുകയും ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളിൽ പൊട്ടിപ്പുറപെട്ടിട്ടുണ്ട്. റിഷാഭ് പന്തിനെ വീണ്ടും ടീമിൽ കളിപ്പിക്കുകയും സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്യുന്നത് ബിസിസിഐയുടെ രാഷ്ട്രീയം തന്നെയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

   

ഇന്ത്യയുടെ രണ്ടാം നിരയിൽ പോലും സഞ്ജുവിനെ അണിനിരത്താത്തത് എന്തായാലും വലിയ ചർച്ചയായേക്കും. കാലാകാലങ്ങളിൽ കോച്ചുകൾ മാറിയിട്ടും നായകന്മാർ മാറിയിട്ടും സഞ്ജുവിന് ടീമിൽ കൂടുതൽ അവസരങ്ങൾ നൽകാത്തത് നിരാശാജനം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *