ഇന്ത്യയുടെ സ്പിൻ ഓൾറൗണ്ടറായ ജഡേജ ചെന്നൈ ടീമിലേക്ക് ചേക്കേറിയത് പത്തു വർഷങ്ങൾക്കു മുൻപായിരുന്നു. ശേഷം തന്റെ കരിയറിലുടനീളം ചെന്നൈയ്ക്കൊപ്പം നിന്ന ജഡേജ ടീമിനായി ഒരുപാട് മികച്ച പ്രകടനങ്ങളും കാഴ്ചവയ്ക്കുകയുണ്ടായി. അതിനാൽ തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് 2022 ലും ജഡേജയെ നിലനിർത്തിയത്. എന്നാൽ ടൂർണമെന്റിന്റെ മധ്യേ ജഡേജയും ചെന്നൈ മാനേജ്മെന്റും തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുകയുണ്ടായി. ഇപ്പോൾ പൂർണമായും ജഡേജ ചെന്നൈ വിടുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
2022ലെ ഐപിഎൽ സീസണ് ശേഷം ജഡേജയ്ക്ക് ചെന്നൈ ടീമുമായി യാതൊരുവിധ ബന്ധവുമില്ല. 2022ൽ ജഡേജയെ ക്യാപ്റ്റനാക്കിയാരുന്നു ചെന്നൈ തങ്ങളുടെ ക്യാമ്പയിൻ ആരംഭിച്ചത്. എന്നാൽ ആദ്യ 8 മത്സരങ്ങൾക്ക് ശേഷം ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റുകയാണുണ്ടായത്. അതോടൊപ്പം വ്യക്തിപരമായ പ്രകടനത്തിലും ജഡേജ പിന്നിലേക്ക് പോയിരുന്നു. ശേഷം കുറച്ചു മത്സരങ്ങളിൽനിന്ന് പരിക്കുമൂലം ജഡേജ വിട്ടുനിൽക്കുകയും ചെയ്തു.
“അടുത്ത രണ്ടു മാസങ്ങൾക്കുള്ളിൽ മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള ജഡേജയുടെ ഇന്നിംഗ്സ് അവസാനിക്കും. നിലവിൽ 2022 ഐപിഎല്ലിന് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ ജഡേജയും ചെന്നൈ മാനേജ്മെന്റുമായും പൂർണമായും ബന്ധം വിച്ചേദിക്കപ്പെട്ട നിലയിൽ തന്നെയാണ്. ” – ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
“ഒരു കുടുംബത്തെപോലെ തങ്ങളുടെ കളിക്കാരുമായി ബന്ധം പുലർത്തുന്ന ഫ്രാഞ്ചൈസി ആണ് ചെന്നൈ മാനേജ്മെന്റ്. എന്നാൽ ജഡേജയ്ക്ക് പരിക്ക് പറ്റിയ ശേഷം അവർ ജഡേജയുമായി ബന്ധം നിലനിർത്താൻ ശ്രമിച്ചിരുന്നില്ല.”-റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിരിക്കുന്നു. നിലവിൽ ജഡേജ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ സെഞ്ച്വറി പോലും നേടുകയുണ്ടായി.