ഇന്ത്യയുടെ പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ താരതമ്യേന മോശം ബോളിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ ടീമിന്റെ ഭാഗത്തുനിന്നുണ്ടായത്. ഹോങ്കോങ്ങിനെതിരെ ആവേഷ് ഖാൻ നന്നായി തല്ലു വാങ്ങുകയും പാകിസ്താനെതിരായ മത്സരത്തിൽനിന്ന് പുറത്തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ പാകിസ്ഥാനെതിരെ ഇന്ത്യയുടെ പല ബോളർമാരും തല്ലുവാങ്ങി കൂട്ടുന്നതാണ് കാണാനായത്. ചാഹലും പാണ്ട്യയും ഭൂവിയും 10 റൺസിൽ അധികം വിട്ടുനൽകിയാണ് ഓരോ ഓവറും പൂർത്തീകരിച്ചത്.
ആകെ ഇന്ത്യക്ക് മത്സരത്തിലുള്ള ആശ്വാസം രവി ബിഷണോയുടെ ബോളിംഗ് പ്രകടനം മാത്രമായിരുന്നു. ഇന്ത്യയുടെ ഈ മോശം ബോളിംഗ് പ്രകടനത്തിനെതിരെ വിമർശനവുമായി വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരം രീതിന്ദർ സോദി ആണ്. “വളരെ മോശം പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. കാരണം ഇന്ത്യ മികച്ച ഫോമിലുള്ള ഒരു ടീം കൂടിയാണ്. പല സമയങ്ങളിലും ഇന്ത്യൻ ബോളർമാർ എന്തിനാണ് ശ്രമിച്ചതെന്ന് പോലും എനിക്ക് സംശയമാണ്.
പതിനഞ്ചാം ഓവറിൽ ചാഹൽ എന്താണ് ചെയ്തത് എന്ന് എനിക്ക് അറിയില്ല. സ്പിന്നിനെ പിച്ച് തുണയ്ക്കുന്നില്ലെങ്കിൽ എന്തിനാണ് ബോൾ ഫ്ലൈറ്റ് ചെയ്തത്. മറ്റെന്തെങ്കിലും മാർഗം ശ്രമിച്ചു കൂടെ.”- സോദി ചോദിക്കുന്നു. ഇതോടൊപ്പം ഹർദിക് പാണ്ട്യയുടെ ബോളിംഗ് പ്രകടനത്തെയും സോദി രൂക്ഷമായി വിമർശിച്ചു. ” അവസാന മത്സരത്തിലെ പിച്ചുപോലെ ട്രിക്കി ആയിരിക്കുമെന്നോർത്താണ് ഹർദിക് പാണ്ഡ്യ ഇവിടെയും ബോൾ ചെയ്തത്.
ഭുവനേശ്വർ കുമാറാണെങ്കിൽ പത്തൊമ്പതാം ഓവറിൽ യോർക്കറുകൾ എറിയാൻ പൂർണമായും മറന്നുപോയ സ്ഥിതിവിശേഷമായിരുന്നു. അങ്ങനെ എല്ലാത്തരത്തിലും ഇന്ത്യയുടെ മോശം പ്രകടനമാണ് പാകിസ്ഥാനെതിരെ കണ്ടത്. “- സോദി പറയുന്നു. നാളെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്. ശ്രീലങ്കയ്ക്കെതിരെയാണ് മത്സരം. അഫ്ഗാനിസ്ഥാനെതിരെ വിജയം നേടിയ ശ്രീലങ്കയെ തോൽപ്പിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.