ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച സീം ബോളറാണ് ദീപക് ചാഹർ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പരിക്കുപറ്റിയ ചാഹർ കുറച്ചധികം നാളുകൾക്കു ശേഷം സിംബാബ്‌വെ പര്യടനത്തിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. പര്യടനത്തിലെ ആദ്യമത്സരത്തിൽ മികച്ച രീതിയിലാണ് ചാഹർ ബോൾ ചെയ്തത്. അതോടെ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് ചാഹറിനെ ഉൾപ്പെടുത്തുന്നതിനെപറ്റി ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഇതിനെകുറിച്ച് സംസാരിക്കാൻ സമയമായിട്ടില്ല എന്നാണ് രോഹൻ ഗവാസ്കറുടെ പക്ഷം.
കേവലം ഒരു മത്സരത്തിലെ പ്രകടനം കൊണ്ട് ഒന്നുംതന്നെ പറയാനാവില്ല എന്ന് ഗവാസ്കർ പറയുന്നു. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ അംഗമാവാൻ ചാഹറിന്റെ ഈ പ്രകടനമികവ് സഹായകരമാകുമോ എന്ന ചോദ്യത്തിന് രോഹൻ ഗവസ്കർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “ഇത് കേവലം ഒരു മത്സരം മാത്രമാണ്. അയാൾ വലിയൊരു പരിക്കിൽ നിന്നാണ് തിരിച്ചുവരുന്നത്. ആദ്യ മത്സരത്തിൽ അയാൾ നന്നായിത്തന്നെ കളിച്ചു.
ഔട്ട്സ്വിങറും ഇൻസ്വിങ്ങറുമൊക്കെ നന്നായി നിയന്ത്രിച്ചു. എന്നിരുന്നാലും കുറച്ചധികം മോശം ബോളുകളും ചാഹറിൽ നിന്നുണ്ടായി.”- രോഹൻ ഗവാസ്‌കർ പറഞ്ഞു. “ദീപകിൽ നിന്നും ലൂസ് ബോളുകൾ വരാൻ കാരണം അയാളുടെ ടെൻഷൻ തന്നെയാവാം. പക്ഷേ വലിയ ടൂർണമെന്റിലെക്കുള്ള അവസരത്തിന് ചാഹർ മങ്ങലേൽപ്പിച്ചിട്ടില്ല. ആദ്യ ഏകദിനത്തിലെ പോലെതന്നെ ഇനിയും പ്രകടനങ്ങൾ.
നടത്തിയാൽ അയാൾക്ക് തീർച്ചയായും ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് സെലക്ഷൻ ലഭിക്കും. ” ഗവസ്‌കർ കൂട്ടിച്ചേർത്തു. പരിക്കിന് മുമ്പ് ദീപക് ചാഹർ അവസാനമായി കളിച്ചത് വിൻഡീസിനെതിരെ ഫെബ്രുവരിയിലായിരുന്നു. നിലവിൽ ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിലെ റിസർവ് കളിക്കാരനാണ് ചാഹർ. ആദ്യ മത്സരത്തിൽ നല്ല രീതിയിൽ ബോൾ ചെയ്ത ചാഹർ വരുന്ന മത്സരങ്ങളിലും ഇത് തുടരാനുള്ള ശ്രമത്തിലാണ്.