വളരെയധികം നിരാശാജനകമായ പ്രകടനമായിരുന്നു 2022 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ മുഴുവൻ മേഖലയും അടിയറവ് പറയുകയാണുണ്ടായത്. അതിനാൽതന്നെ അടുത്ത ട്വന്റി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കുറച്ചധികം തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട് എന്നാണ് ഇന്ത്യൻ താരം നിഖിൽ ചോപ്ര പറയുന്നത്. ഇന്ത്യ ട്വന്റി20 ഫോർമാറ്റിൽ കുറച്ചധികം കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം എന്ന് ചോപ്ര സൂചിപ്പിക്കുന്നു.
“ട്വന്റി ട്വന്റി ഫോർമാറ്റിൽ ആകെ 120 പന്തുകളാണുള്ളത്. എത്ര ബാറ്റർമാർ, എത്ര സ്ട്രൈക്ക് റേറ്റിൽ, എത്ര ബോളുകൾ നേരിടണമെന്നതിനെപ്പറ്റി പൂർണ്ണമായ ബോധ്യമുണ്ടാവണം. അതോടൊപ്പം തങ്ങളുടെ വിക്കറ്റ് ടേകിഗ് ഓപ്ഷനെപ്പറ്റിയും കൃത്യമായ ധാരണ ഉണ്ടാവണം. ബാറ്റിങ്ങിലും ബോളിങ്ങിലും വലിയ രീതിയിൽ ശോഭിക്കുന്ന ഒരു ഓൾറൗണ്ടർ ഉണ്ടെങ്കിൽ നല്ലത്. അല്ലാത്തപക്ഷം അഞ്ച് ബോളർമാരെ അണിനിരത്തിയാലേ ടൂർണ്ണമെന്റ് വിജയിക്കാൻ സാധിക്കൂ.”- നിഖിൽ ചോപ്ര പറഞ്ഞു.
ഇതോടൊപ്പം ആഭ്യന്തര ക്രിക്കറ്റിന്റെ വ്യാപ്തിയും വർദ്ധിപ്പിക്കേണ്ടതിനെപ്പറ്റി ചോപ്ര സൂചിപ്പിക്കുകയുണ്ടായി. “നമ്മൾ വലിയ ടൂർണമെന്റുകൾക്കായി തയ്യാറാകുമ്പോൾ രാജ്യത്തുടനീളം നമ്മുടെ ആവശ്യങ്ങൾ പറഞ്ഞു സന്ദേശങ്ങൾ എത്തിക്കണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സൈദ് മുഷ്താഖലിയിലുമൊക്കെ നമുക്ക് ഏതുതരം കളിക്കാരെയാണ് വേണ്ടതെന്ന് ബോധിപ്പിച്ചു പോകണം. സാഹചര്യങ്ങൾ കണ്ടെത്തി തയ്യാറാവണം. ഇതോടൊപ്പം ട്വന്റി 20 യിൽ ബാറ്റർമാരുടെ സ്ട്രൈക്ക് റേറ്റിലും ഇന്ത്യ ഇനി ശ്രദ്ധിക്കേണ്ടതുണ്ട്.” – നിഖിൽ ചോപ്ര കൂട്ടിച്ചേർക്കുന്നു.
2022 ലോകകപ്പിൽ തയ്യാറെടുപ്പുകളിലെ പിശകുകൾ ഇന്ത്യയെ സംബന്ധിച്ച് അങ്ങേയറ്റം കാണാൻ സാധിക്കുമായിരുന്നു. പല മത്സരങ്ങളിലും ഇന്ത്യ ആദ്യ ഓവറുകളിൽ പതിയെയാണ് ബാറ്റിംഗ് ആരംഭിച്ചത്. സെമി ഫൈനലിൽ ഇന്ത്യയെ അത് മോശമായി തന്നെ ബാധിക്കുകയും ചെയ്തു.