സെൻട്രൽ കോൺട്രാക്ടിൽ നിന്ന് സ്റ്റാർ പേസർ ട്രെൻഡ് ബോൾട്ടിനെ റിലീസ് ചെയ്ത് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞകാലങ്ങളിലെ ന്യൂസിലാൻഡിന്റെ പേസർമാരിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബോളറായിരുന്നു ട്രെൻഡ് ബോൾട്ട്. തന്നെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് റിലീസ് ചെയ്യാൻ ബോൾട്ട് തന്നെയാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടത്.
കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനായി സമയം കണ്ടെത്താനും ഒപ്പം മറ്റുരാജ്യങ്ങളിലെ ട്വന്റി20 ലീഗ്കളിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനുമാണ് ബോൾട്ട് ന്യൂസിലാൻഡ് ക്രിക്കറ്റിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നത്. 33-കാരനായ ബോൾട്ട് മുൻപും പലതവണ NZCയോട് ഇക്കാര്യം സംസാരിച്ചിരുന്നു. യുഎഇയിലും ദക്ഷിണാഫ്രിക്കയിലും പുതിയ ട്വന്റി20 ലീഗുകൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ബോൾട്ട് കോൺട്രാക്ട് ഉപേക്ഷിച്ചത്.
ഈ ലക്ഷ്യത്തോടെ തന്നെയാണ്. ഈ ട്വന്റി20 ലീഗുകളിൽ ബോൾട്ടിന്റെ സാന്നിധ്യം സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരും. എന്നിരുന്നാലും NZC ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പറഞ്ഞത് വരുന്ന ട്വന്റി20 ലോകകപ്പിൽ ബോൾട്ടിനെ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട് എന്ന് തന്നെയാണ്. ഒപ്പം ഇപ്പോൾ നടക്കുന്ന ന്യൂസിലാൻഡിന്റെ വിൻഡിസ് പര്യടനത്തിലും ബോൾട്ട് കളിക്കും.
“ഇതെനിക്ക് വളരെ പ്രയാസകരമായ ഒരു തീരുമാനം തന്നെയായിരുന്നു. NZCയിൽ നിന്നുണ്ടായ പിന്തുണയ്ക്ക് ഞാൻ നന്ദി അറിയിക്കുന്നു. എന്റെ രാജ്യത്തിനുവേണ്ടി ക്രിക്കറ്ററാവുക എന്നത് എന്റെ ബാല്യകാലസ്വപ്നമായിരുന്നു. കഴിഞ്ഞ 12 വർഷം ഞാൻ അത് സാക്ഷാത്കരിച്ചു. ഇതുവരെ രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയതെല്ലാം വളരെ അഭിമാനകരമാണ്. ഇപ്പോൾ കുടുംബമാണ് ആദ്യകാര്യം എന്ന തോന്നലിൽ നിന്നാണ് ഇങ്ങനെയൊരു തീരുമാനം രൂപപ്പെട്ടത്.” ബോൾട്ട് പറഞ്ഞു.