ഇന്ത്യയുടെ ന്യൂസിലാൻഡിതിരായ രണ്ടാം ട്വന്റി20യിൽ സൂര്യകുമാർ യാദവ് നേടിയ തകർപ്പൻ സെഞ്ച്വറി വളരെയധികം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. മത്സരത്തിൽ മൂന്നാമനായിറങ്ങിയ സൂര്യ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ന്യൂസിലാൻഡ് ബോളർമാരെ അടിച്ചുതൂക്കുകയായിരുന്നു. മത്സരത്തിൽ 51 പന്തുകളിൽ 111 റൺസ് സൂര്യകുമാർ നേടുകയുണ്ടായി. സൂര്യകുമാർ യാദവിനെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മുൻ ന്യൂസിലാൻഡ് ബാറ്റർ റോസ് ടെയ്ലറാണ്.
അവിശ്വസനീയമായ ഇന്നിങ്സാണ് സൂര്യകുമാർ യാദവ് ന്യൂസിലാൻഡിനെതിരെ കാഴ്ചവച്ചത് എന്ന് റോസ് ടെയ്ലർ പറയുന്നു. ” അതൊരു അവിസ്മരണീയ ഇന്നിങ്സായിരുന്നു. അയാൾ ഇന്നിങ്സ് ആരംഭിച്ച രീതിയും, ഗ്യാപ്പുകൾ കണ്ടെത്തിയ രീതിയുമൊക്കെ നന്നായിരുന്നു. മക്കല്ലം, ഗുപ്റ്റിൽ, മൻറോ തുടങ്ങിയ ന്യൂസിലാൻഡ് ബാറ്റർമാരിൽ നിന്നൊക്കെ മികച്ച ഇന്നിങ്സുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ട്വന്റി20 സെഞ്ച്വറിയാണ് സൂര്യകുമാർ യാദവിന്റെത്. “- ടെയ്ലർ പറയുന്നു.
“അയാൾ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ആക്രമിക്കുന്നത്. സ്പിന്നർമാർക്കെതിരെ കവറിനു മുകളിലൂടെയുള്ള ഷോട്ടൊക്കെ വളരെ അപകടം കുറഞ്ഞതാണ്. ഫെർഗുസനെതിരെ റാംപ് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ മാത്രം സൂര്യയ്ക്ക് ഭാഗ്യത്തിന്റെ പിന്തുണ ആവശ്യമായി വന്നു. പക്ഷേ അതു മാറ്റിയാൽ മറ്റൊരു സാധ്യത പോലും സൂര്യകുമാർ നൽകിയില്ല.”- ടെയ്ലർ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം സൂര്യകുമാർ അമിതമായി ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുന്നില്ല എന്നും റോസ് ടെയിലർ പറയുന്നു. മികച്ച ക്രിക്കറ്റിങ് ഷോട്ടുകൾ കളിക്കാനാണ് സൂര്യകുമാർ പലപ്പോഴും ശ്രമിക്കുന്നതെന്നും, അത് അയാൾക്ക് ഗുണം ചെയ്യുമെന്നും ടെയ്ലർ പറഞ്ഞുവയ്ക്കുന്നു.