സിംബാബ്വെയുടെ ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പര ഇതിനകംതന്നെ ക്രിക്കറ്റ് ചരിത്രപുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കുഞ്ഞൻ ടീമെന്ന് പലരും വിലയിരുത്തിയ സിംബാബ്വെ, ബംഗ്ലാദേശിനെ എല്ലാത്തരത്തിലും അടിച്ചു തൂഫാനാക്കുന്ന കാഴ്ചയാണ് പരമ്പരയിൽ കണ്ടത്. ഇതിൽ മൂന്നാം ട്വന്റി20യില്‍ സിംബാബ്വെയുടെ റിയാന്‍ ബെര്‍ല്‍ ഒരോവറില്‍ 34 റൺസ് നേടിയതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.
പരമ്പരയിലെ മൂന്നാം മത്സരം ഹരാരെ സ്പോർട്സ് ക്ലബ്ബിൽ വച്ചായിരുന്നു നടന്നത്. സിംബാബവെ ഇന്നിംഗ്സിന്റെ 15ആം ഒാവര്‍ എറിയാൻ വന്ന ബംഗ്ലാസ്പിന്നർ അഹമ്മദിനെയാണ് ബെര്‍ല്‍ പഞ്ഞിക്കിട്ടത്. ആ ഒാവറില്‍ 5 പടുകൂറ്റൻ സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 34 റൺസാണ് ബെര്‍ല്‍ സ്വന്തമാക്കിയത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ബോളുകൾ തൊടുത്തുവിട്ട ബെര്‍ലിന്റെ കയ്യിൽ നിന്നും 6 സിക്സറുകള്‍ നേടാതെ ഒരുവിധമാണ് അഹമ്മദ് രക്ഷപ്പെട്ടത്.
ഈ സിക്സ് ഫെസ്റ്റിന്റെ ബലത്തിൽ കേവലം 24 പന്തുകളിൽ ബെര്‍ല്‍ അർത്ഥശതകം പൂർത്തീകരിക്കുകയും ചെയ്തു. നിലവിൽ ഇന്ത്യൻ ലെജൻഡ് ബാറ്റര്‍ യുവരാജ് സിംഗിന്റെയും വിൻഡീസ് ബാറ്റര്‍ പൊള്ളാര്‍ഡിന്റെയും പേരിലാണ് ഏറ്റവും അധികം റണ്‍സ് (36) ഒരു ഓവറിൽ നേടിയതിന്റെ റെക്കോർഡ് ഉള്ളത് . 2007 ലോകകപ്പിൽ സ്റ്റുവർട്ട് ബ്രോഡിൻറെ ഓവറിലായിരുന്നു 6 സിക്സറുകള്‍ യുവരാജ് നേടിയത്.
ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിലാണ് പൊള്ളാര്‍ഡ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ സിംബാബ്വെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 28 പന്തിൽ 54 റൺസ് നേടിയ ബെര്‍ലിന്റെ ബലത്തില്‍ 156 റണ്‍സാണ് സിംബാബ്വെ നേടിയത് . എന്നാൽ അതു മറികടക്കാൻ ബംഗ്ലാദേശിനായില്ല. 10 റണ്‍സിനായിരുന്നു മത്സരത്തിൽ സിംബാബ്വെ വിജയം കണ്ടത്.