ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ സ്ക്വാഡിന്റെ സെലക്ഷനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ റീതിന്ദർ സോദി. കളിക്കാർ മുൻകാലത്ത് ടീമിൽ ഉണ്ടാക്കിയിട്ടുള്ള മതിപ്പിന്റെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുക്കുന്നത് എന്ന് സോദി പറയുന്നു. ലോകകപ്പ് ടൂർണമെന്റ്കളിലെ കെ എൽ രാഹുലിന്റെയും മുഹമ്മദ് ഷാമിയുടെയും തുടർച്ചയായ പരാജയങ്ങളാണ് സോദി ഇതിന് മാതൃകയായി എടുക്കുന്നത്. ഇരുവരെയും ഈ ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടുത്തിയത് അവർ മുൻകാലത്ത് ഉണ്ടാക്കിയ മതിപ്പുകളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് സോദി പറയുന്നു.
“നമ്മൾ മതിപ്പിലൂടെയാണ് മുന്നോട്ടുപോകുന്നത്. അത് അംഗീകരിച്ചേ പറ്റൂ. ആരെങ്കിലും കഴിഞ്ഞ 10 വർഷം മികച്ച രീതിയിൽ കളിച്ചിട്ടുണ്ടെങ്കിൽ സെലക്ടർമാർ അവർക്ക് മുൻതൂക്കം നൽകും. അവർ ഫോമിലേക്ക് തിരിച്ചെത്താനായി കാത്തിരിക്കും. കെ എൽ രാഹുൽ അതിന് വലിയൊരു മാതൃകയാണ്. ബൂമ്രയ്ക്ക് പരിക്കുപറ്റിയപ്പോൾ നമുക്ക് ഉമ്രാൻ മാലിക്കിനെയും മുഹമ്മദ് സിറാജിനെയും പോലെയുള്ള ബോളർമാരെ പരിഗണിക്കാമായിരുന്നു.
എന്നാൽ അവർ ട്വന്റി20 ലോകകപ്പിന് തയ്യാറല്ലെന്ന് സെലക്ടർമാർക്ക് തോന്നി. അതിനാൽ ടീമിന്റെ അടുത്തുപോലും ഉണ്ടാവാതിരുന്ന മുഹമ്മദ് ഷാമിയെ സ്ക്വാഡിൽ ഉൾപ്പെടുത്തി. അത് കാണിക്കുന്നത് നമ്മുടെ തയ്യാറെടുപ്പുകൾ നന്നായില്ല എന്നതാണ്.”- സോദി പറയുന്നു. “മതിപ്പു മാറ്റിനിർത്തി നമ്മൾ കളിക്കാരെ റൊട്ടേറ്റ് ചെയ്യണം. ഒരുപക്ഷേ എല്ലാവരും ഒരുകാലത്ത് നന്നായി കളിച്ചവരാവും. പക്ഷേ പ്രസ്തുത സാഹചര്യങ്ങൾ മനസ്സിലാക്കി അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണം. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് സംഭവിക്കുന്നില്ല.”- സോദി കൂട്ടിച്ചേർത്തു.
നവംബർ 18നാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. ശേഷം നവംബർ 20നും 22നുമാണ് അടുത്ത രണ്ടു മത്സരങ്ങൾ നടക്കുക. ഹർദിക് പാണ്ട്യയാണ് പരമ്പരയിൽ ഇന്ത്യയുടെ ക്യാപ്റ്റൻ.