ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള കളിക്കാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. പല മുൻ ഇന്ത്യൻ ക്രിക്കറ്റർമാരും ഇതിനെ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം അറിയിച്ചു പോവുകയുണ്ടായി. നിലവിൽ ഒരുപാട് കളിക്കാനുള്ള ടീമായതിനാൽ തന്നെ അതിൽ നിന്ന് കേവലം 15 പേരെ സ്‌ക്വാഡിൽ എത്തിക്കുക എന്നത് സെലക്ടർമാരെ സംബന്ധിച്ച് പ്രയാസകരം തന്നെയാണ്. എന്നിരുന്നാലും പ്രധാനികളായ കളിക്കാർക്ക് ടീമിൽ ഇടം ലഭിക്കാതെ വരുന്നത് ദൗർഭാഗ്യകരമാണ്. അങ്ങനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് ഇന്ത്യ മൂന്നു കളിക്കാരെ വിട്ടുപോയി എന്നാണ് മുൻ ഇന്ത്യൻ പേസർ ദിലീപ് വെങ്സാക്കർ പറയുന്നത്.
ലോകകപ്പിലേക്ക് ഇന്ത്യ ഉമ്രാൻ മാലിക്കിനെയും ശുഭമാൻ ഗില്ലിനെയും ഉൾപ്പെടുത്തേണ്ടിയിരുന്നു എന്ന അഭിപ്രായമാണ് വെങ്സാക്കർക്ക് ഉള്ളത്. ഇവരോടൊപ്പം മുഹമ്മദ് ഷാമിയ്ക്ക് അവസരം നൽകാത്തതിനെയും വെങ്സാക്കർ വിമർശിക്കുകയുണ്ടായി. “ഞാനായിരുന്നെങ്കിൽ മുഹമ്മദ് ഷാമിയെയും, ഉമ്രാൻ മാലിക്കിനെയും, ശുഭമാൻ ഗില്ലിനെയും ട്വന്റി20 ലോകകപ്പിനായി സ്‌ക്വാഡിൽ ഉൾപ്പെടുത്തിയേനെ. ഇത് ഇവർക്ക് ട്വന്റി20കളിൽ കഴിവ് തെളിയിക്കാൻ അവസരം നൽകിയേനെ.
കാരണം ഇവർ ഐപിഎല്ലിലടക്കം ഈ സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചവരാണ്” – വെങ്സാക്കർ പറയുന്നു. ഷാമിയെ ടീമിൽ ഉൾപ്പെടത്താത്തത് ഇന്ത്യയെ ബാധിക്കും എന്ന പക്ഷക്കാരനാണ് ഇന്ത്യയുടെ മുൻ വിക്കറ്റ്കീപ്പർ എംഎസ്കെ പ്രസാദ്. “ഷാമിയുടെ പേസ് ഇന്ത്യ, ഓസ്ട്രേലിയയിൽ വല്ലാതെ മിസ്സ് ചെയ്യും. നമ്മൾ ഹർഷലിനെയും അർഷദീപിനെയും ഭുവനേശ്വറിനെയും എടുത്തു പരിശോധിച്ചാലും അവരൊന്നും ഒരു എക്സ്പ്രസ് ബോളറല്ല.
നിലവിൽ ഇന്ത്യൻ സ്ക്വാഡിൽ എക്സ്ട്രാ പേസ് ഉള്ളത് ജസ്പ്രീത് ബുംറയ്ക്ക് മാത്രമാണ്.’- പ്രസാദ് പറയുന്നു. ഷാമിയും മാലിക്കും ഗില്ലും മികച്ച പ്രകടനങ്ങളായിരുന്നു കഴിഞ്ഞ ഐപിഎല്ലിൽ കാഴ്ചവച്ചത്. ഗുജറാത്ത് ടീമിന്റെ വിജയത്തിൽ ഷാമിയും ഗില്ലും പ്രധാന പങ്കുവഹിച്ചിരുന്നു. 150നു മുകളിൽ സ്പീഡിൽ ബോൾ ചെയ്ത് ഉമ്രാൻ മാലിക്കും ഐപിഎല്ലിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.