ഇന്ത്യൻ ടീമിന്റെ സെൻട്രൽ കോൺടാക്ടിൽ വീണ്ടും മാറ്റങ്ങളുമായി ബിസിസിഐ. മൂന്ന് ഇന്ത്യൻ കളിക്കാരെ ഇന്ത്യയുടെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ തീരുമാനം. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ അജിങ്ക്യ രഹാനെ, ഇഷാന്ത് ശർമ, വൃദ്ധിമാൻ സാഹ എന്നിവരെയാണ് റിപ്പോർട്ടുകൾ പ്രകാരം കോൺടാക്ടിൽ നിന്നും മാറ്റി നിർത്താൻ പോകുന്നത്. അടുത്ത അപ്പക്സ് കൗൺസിൽ മീറ്റിംഗിൽ ഇത് സംബന്ധിച്ച തീരുമാനം ബിസിസിഐ കൈക്കൊള്ളും.
ഇതിനൊപ്പം ചില താരങ്ങൾക്ക് കോൺട്രാക്ടിൽ പ്രമോഷൻ നൽകാനും ബിസിസിഐ ശ്രമിക്കുന്നുണ്ട്. സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ എന്നിവർക്കാണ് ബിസിസിഐ പ്രമോഷൻ നൽകാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തെ ഇവരുടെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അടുത്ത ഇന്ത്യൻ ട്വന്റി20 നായകനെന്ന് പലരും വിധിയെഴുതിയ ഹർദിക് പാണ്ട്യയെ ഗ്രേഡ് സിയിൽ നിന്നും ഗ്രേഡ് ബിയിലേക്ക് പ്രമോഷൻ നൽകാനാണ് സാധ്യത. ഇതോടെ പ്രതിവർഷം മൂന്നുകോടി രൂപ വരുമാനമായി പാണ്ട്യക്ക് ലഭിക്കും.
ഇതോടൊപ്പം സൂര്യകുമാർ യാദവിന്റെ പ്രമോഷനായും ബിസിസിഐ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷം ഇന്ത്യക്കായി മികച്ച പ്രകടനങ്ങളാണ് സൂര്യ നടത്തിയത്. അതിനാൽ തന്നെ ഗ്രേഡ് സീയിൽ നിന്ന് നേരിട്ട് ഗ്രേഡ് ഏയിലേക്ക് സൂര്യ എത്താൻ പോലും സാധ്യതയുണ്ട്. 2022 ട്വന്റി20 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രമോഷൻ.
“സൂര്യകുമാർ ഗ്രൂപ്പ് സിയിലാണുള്ളത്. എന്നാൽ സൂര്യയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രകടനങ്ങൾ വെച്ച് നോക്കുമ്പോൾ അയാൾ സ്ഥാനക്കയറ്റം അർഹിക്കുന്നു. ഗ്രൂപ്പ് എയിൽ അല്ലെങ്കിൽ ഗ്രൂപ്പ് ബിയിൽ. നിലവിൽ സൂര്യ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം നമ്പർ ബാറ്ററാണ്. ഒപ്പം ഇന്ത്യയുടെ ഏകദിന പ്രതീക്ഷയുമാണ്.”- ബിസിസിഐ ഇതിവൃത്തം അറിയിച്ചു.