ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഒരുഗ്രൻ ഇന്നിംഗ്സ് തന്നെയാണ് സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. മത്സരത്തിൽ ഇന്ത്യൻ മുൻനിര തകർന്ന സമയത്ത് ക്രീസിലെത്തിയ സൂര്യ ദക്ഷിണാഫ്രിക്കൻ ബോളർമാരെ മൈതാനത്തിന്റ നാലുപാടും അടിച്ചുതൂക്കി. പെർത്തിലെ ദുഷ്കരമായ പിച്ചിൽ 40 പന്തുകളിൽ 68 റൺസായിരുന്നു സൂര്യകുമാർ യാദവ് നേടിയത്. സൂര്യയുടെ ഈ ഇന്നിങ്സിനെ പ്രകീർത്തിച്ച് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് വരികയുണ്ടായി.
താൻ കണ്ടതിൽ വച്ച് ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും മികച്ച ട്വന്റി20 ഇന്നിംഗ്സാണ് സൂര്യകുമാർ യാദവ് പെർത്തിൽ കാഴ്ചവച്ചത് എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറഞ്ഞത്. “ഇതിലും മികച്ച ഒരു ട്വന്റി20 ഇന്നിംഗ്സ് ഞാൻ കണ്ടിട്ടില്ല. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ട്വന്റി20 ഇന്നിങ്സാണിത്. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ, ഇത്തരമൊരു പിച്ചിൽ പോരാടി നേടിയ ഈ റൺസ് പ്രത്യേകതയുള്ളതാണ്.”- ഗംഭീർ പറഞ്ഞു.
മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രിയും സൂര്യകുമാർ യാദവിന്റെ ഈ കിടിലൻ ഇന്നിങ്സിനെ പ്രകീർത്തിക്കുകയുണ്ടായി. സൂര്യകുമാറിന്റെ ഈ കിടിലൻ ഇന്നിങ്സ് ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ 100 റൺസ് പോലും നേടുമായിരുന്നില്ല എന്നാണ് രവിശാസ്ത്രീ പറഞ്ഞത്. “ഇപ്പോൾ എനിക്കറിയാം സൂര്യകുമാർ യാദവിന് നിയന്ത്രണമില്ല. ഇത്ര വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളിൽ നിന്ന് മികച്ച ഇന്നിങ്സ് “- ഇങ്ങനെയായിരുന്നു മുൻ ഇന്ത്യൻ താരം അമിത് മിശ്ര തന്റെ ട്വിറ്ററിൽ കുറിച്ചത്.
എന്തായാലും തന്റെ ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച ഇനിങ്സ്കളിൽ ഒന്നാണ് സൂര്യകുമാർ യാദവ് പെർത്തിൽ കളിച്ചത്. എല്ലാ ഇന്ത്യൻ ബാറ്റർമാരും പരാജയം സമ്മതിച്ച പിച്ചിൽ സൂര്യകുമാർ എല്ലാ അർത്ഥത്തിലും വെടിക്കെട്ട് തന്നെയാണ് തീർത്തത്. എന്നിരുന്നാലും മത്സരത്തിലെ ഇന്ത്യയുടെ പരാജയം നിരാശയുണ്ടാക്കുന്നു.