പതിവുപോലെ വീണ്ടും ഇന്ത്യൻ നിരയിൽ പരാജിതനായി റിഷഭ് പന്ത്. ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി20യിലും ഇന്ത്യയുടെ ഓപ്പണർ റിഷഭ് പന്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യ പന്തിന് വലിയ രീതിയിലുള്ള പിന്തുണ നൽകിയിരുന്നു. എന്നാൽ ഇത് യാതൊരു തരത്തിലും ഉപയോഗിക്കാതെ പന്ത് മടങ്ങുന്നതാണ് നേപ്പിയറിലും കാണാനായത്. മത്സരത്തിൽ അഞ്ചു പന്തുകളിൽ 11 റൺസ് മാത്രമാണ് പന്ത് നേടിയത്.
ഇന്നിംഗ്സിന്റെ തുടക്കത്തിൽ മികച്ച രണ്ട് കവർ ഡ്രൈവുകൾ കളിച്ചായിരുന്നു പന്ത് ആരംഭിച്ചത്. എന്നാൽ പിന്നീട് അനാവശ്യമായ ഷോട്ടിന് ശ്രമിക്കുകയും കൂടാരം കയറുകയും ചെയ്തു. ശേഷം പന്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പൊട്ടിപ്പുറപ്പെടുകയുണ്ടായി. പ്രധാനമായും ഇന്ത്യ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണെ കളിപ്പിക്കാതെ, മോശം പ്രകടനങ്ങൾ കാഴ്ചവെക്കുന്ന പന്തിനെ പിന്തുണയ്ക്കുന്നതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്.
ഹാർഡ് ലെങ്തിൽ നന്നായി ബാറ്റ് ചെയ്യുന്ന സഞ്ജു സാംസണെ ബെഞ്ചിലിരുത്തി പന്തിനെ ഇറക്കുന്നത് ഇന്ത്യൻ മാനേജ്മെന്റിന്റെ തെറ്റായ തീരുമാനമാണെന്ന് ട്വീറ്റുകൾ പറയുന്നു. ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും പോലെയുള്ളവർക്ക് സഞ്ജുവിന് മുകളിൽ ബിസിസിഐ പിന്തുണ നൽകുന്നതിലെ കാര്യം വ്യക്തമല്ലെന്നും ചില ആരാധകർ പറയുന്നു. ഇതോടൊപ്പം പലരും പന്തിന്റെ ഷോട്ട് സെലക്ഷനെയും വിമർശിച്ച് രംഗത്ത് വരികയുണ്ടായി.
സമീപകാലത്ത് ഓർത്തുവയ്ക്കാൻ പാകത്തിന് ഒരു ഇന്നിംഗ്സ് പോലും ട്വന്റി20 ക്രിക്കറ്റിൽ കാഴ്ചവെക്കാൻ പന്തിന് സാധിച്ചിട്ടില്ല. പലപ്പോഴും നിരുത്തരവാദിത്തപരമായ രീതിയിൽ തന്നെയാണ് പന്ത് കളിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ബിസിസിഐ പന്തിനെ അമിതമായി പിന്തുണയ്ക്കുന്നു എന്നത് ചുരുളഴിയാത്ത രഹസ്യമാണ്.