കഴിഞ്ഞ സമയങ്ങളിൽ ഒരുപാട് ചർച്ചയായ ഒന്നാണ് ഏകദിന ട്വന്റി20 മത്സരങ്ങളിലെ പന്തിന്റെ ഫോം. കഴിഞ്ഞ മത്സരങ്ങളിലൊന്നും തന്നെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ പന്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഏകദിന ട്വന്റി20 ക്രിക്കറ്റിൽ നിന്ന് പന്തിന് അല്പം ഇടവേള അനുവദിക്കേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം ലക്ഷമൺ ശിവരാമകൃഷ്ണൻ പറയുന്നത്. അതോടൊപ്പം തന്റെ ഫോം തിരിച്ച് പിടിക്കുന്നതിനായി പന്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാൻ തയ്യാറാവണമെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ പറയുകയുണ്ടായി.
“എന്നെ സംബന്ധിച്ച് പന്ത് ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്നതാണ് ഉത്തമം. അങ്ങനെ അയാൾക്ക് മികച്ച ബാറ്റിംഗ് ഫോം കണ്ടെത്താൻ സാധിക്കും. അവൻ അവന്റെ കീപ്പിങ്ങിൽ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഏകദിന ട്വന്റി20 ബാറ്റിംഗിൽ പരാജയപ്പെടുന്നു. അവനെ ഏകദിന ട്വന്റി20 ടീമുകളിൽ നിന്ന് ഒഴിവാക്കണം. ശേഷം രഞ്ജി ട്രോഫി കളിക്കാൻ ആവശ്യപ്പെടണം.
അതിനുശേഷം ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കളിപ്പിക്കണം. ഈ ലെവലിൽ രഞ്ജി ട്രോഫി കളിക്കുന്നതിൽ വേറെ പ്രശ്നമൊന്നുമില്ല. അയാൾക്ക് തന്റെ ഫോം കണ്ടെത്താൻ ഇതിലൂടെ സമയം ലഭിക്കും.”- ലക്ഷ്മൺ ശിവരാമകൃഷ്ണൻ പറഞ്ഞു. “പന്ത് മികച്ച ബോളുകളിലാണ് പുറത്താകുന്നതെങ്കിൽ അവന്റെ നിർഭാഗ്യവാണെന്ന് നമുക്ക് പറയാനാവും. പക്ഷേ മോശം ഷോട്ടുകൾ കളിച്ചാണ് അവൻ പുറത്താകുന്നത്. ക്രീസിലെത്തിയ നിമിഷം മുതൽ എതിർ ടീമിനെ ആക്രമിക്കാൻ മാത്രമാണ് പന്ത് ശ്രമിക്കാറുള്ളത്.”- ലക്ഷ്മൺ ശിവരാമകൃഷ്ണൻ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലും മോശം ബാറ്റിംഗ് തന്നെയായിരുന്നു പന്ത് കാഴ്ചവച്ചത്. അതിനാൽതന്നെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര പന്തിനെ സംബന്ധിച്ച് വളരെയേറെ നിർണായകം തന്നെയാണ്.