ഇന്ത്യൻ ടീം തങ്ങളുടെ ആദ്യ രണ്ട് ലോകകപ്പ് മത്സരങ്ങളിലും സ്പിന്നർമാരായി രവിചന്ദ്രൻ അശ്വിനെയും അക്ഷർ പട്ടേലിനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. പാക്കിസ്ഥാനെതിരെ ഇരുവർക്കും വിക്കറ്റ് നേടാനായില്ലെങ്കിലും നെതർലാൻസിനെതിരെ ഇരുവരും രണ്ടു വിക്കറ്റുകൾ വീതം നേടുകയുണ്ടായി. എന്നാൽ ഈ സാഹചര്യത്തിൽ ഇന്ത്യയുടെ പ്രധാന സ്പിന്നറായ ചാഹലിനെ ഇന്ത്യ കളിപ്പിച്ചതുമില്ല. ഇതിന്റെ നിജസ്ഥിതിയെ കുറിച്ചാണ് ഡാനി മോറിസൺ സംസാരിക്കുന്നത്.
ഓസ്ട്രേലിയൻ സാഹചര്യത്തിൽ യുസ്വെന്ദ്ര ചാഹലിനേക്കാളും മികച്ച സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് എന്നാണ് മോറിസൺ പറയുന്നത്. “ലോകകപ്പിൽ സ്പിന്നർമാരെ ഉപയോഗിച്ച രാജ്യങ്ങളെ പരിശോധിച്ചാൽ, പലരെയും ബാറ്റർമാർ അടിച്ചുതൂക്കുന്നതാണ് കണ്ടത്. ശ്രീലങ്കയുടെ ഹസരംഗയെ മർകസ് സ്റ്റോയിനിസ് അടിച്ചുതകർത്തതും കാണുകയുണ്ടായി. ഓസ്ട്രേലിയയിൽ പന്ത് ഗ്രിപ്പ് ചെയ്യില്ല. യുഎഇയിലെക്കാളും വ്യത്യസ്തമായ സാഹചര്യമാണ്. ഉപഭൂഖണ്ഡത്തിൽ ലഭിക്കുന്ന സ്ലോനെസ്സും ടേണും ഇവിടെ ലഭിക്കില്ല.”- മോറിസൺ പറയുന്നു.
“ചാഹലിനെ സംബന്ധിച്ച് ഇത്തരം സാഹചര്യങ്ങൾ കഠിനമാണ്. അയാൾ ഒരു ക്ലാസ് ബോളറാണെന്നതിൽ സംശയമില്ല. പക്ഷേ ടീമിന്റെ ബാലൻസാണ് പ്രശ്നം. ഓൾറൌണ്ട് കഴിവ് വെയ്ച്ച് താരതമ്യം ചെയ്യുമ്പോൾ അശ്വിന്റെ അത്ര നല്ല ക്രിക്കറ്ററല്ല ചാഹൽ. ഇക്കാര്യങ്ങളൊക്കെയും കണക്കിലെടുക്കേണ്ടി വരും.”- ഡാനി മോറിസൺ പറയുന്നു.
ട്വന്റി20കളിൽ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവുമുയർണ വിക്കറ്റ് വേട്ടക്കാരനാണ് ചാഹൽ. ഇതുവരെ ഇന്ത്യക്കായി 69 മത്സരങ്ങൾ കളിച്ചിട്ടുള്ള ചാഹൽ 85 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 24 ആണ് ചാഹലിന്റെ ശരാശരി. നിലവിൽ ഇന്ത്യൻ ടീമിൽ മാറ്റം വരുത്താൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ ചാഹൽ സൈഡ് ബഞ്ചിൽ തന്നെ തുടരാനാണ് സാധ്യത.