വിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിലെ വെടിക്കെട്ട് ബാറ്റിംഗിന്റെ സാഹചര്യത്തിൽ ഒരുപാട് റെക്കോർഡുകൾക്ക് ഉടമയായിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ്. അതോടൊപ്പം ICC Mens T20 റാങ്കിങ്ങിൽ വൻ കുതിച്ചുചാട്ടമാണ് സൂര്യകുമാര്‍ യാദവ കാഴ്ചവച്ചിരിക്കുന്നത്. ട്വന്റി20 റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തായിരുന്ന യാദവ് മൂന്ന് സ്ഥാനങ്ങൾ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
നിലവിൽ ട്വന്റി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാറിന് 816 റേറ്റിംഗ് പോയിന്റുകളാണ് ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ ബാബര്‍ ആസവുമായി കേവലം രണ്ടു പോയിന്റുകളുടെ(818) മാത്രം വ്യത്യാസമാണ് സൂര്യകുമാറിന് ഇപ്പോൾ ഉള്ളത്. വിന്‍ഡീസിനെതിരെ രണ്ട് ട്വന്റി20കള്‍ അവശേഷിക്കുന്ന സാഹചര്യത്തിൽ ബാബര്‍ ആസമിനെ പിന്തള്ളി സൂര്യകുമാർ ഒന്നാംസ്ഥാനത്ത് എത്താനുള്ള മുഴുവൻ സാധ്യതയുമുണ്ട് എന്നതാണ് വസ്തുത.
സൂര്യകുമാര്‍ യാദവിന്റെ റാങ്കിങ്ങിലുള്ള ഈ കുതിച്ചുചാട്ടത്തിൽ പണി കിട്ടിയിരിക്കുന്നത് ആസമിന് മാത്രമല്ല. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ, ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാക്രം, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലന്‍ എന്നിവരും ഓരോ സ്ഥാനം പിന്നിലേക്ക് പോയിട്ടുണ്ട്. നിലവിൽ ഈ മൂന്ന് കളിക്കാരാണ് യഥാക്രമം 3, 4, 5 സ്ഥാനങ്ങളിൽ ഉള്ളത്.
മധ്യനിരയിൽ നിന്ന് ഓപ്പണിങ്ങിലേക്ക് വന്നതിനുശേഷം മികച്ച പ്രകടനങ്ങളാണ് സൂര്യകുമാർ യാദവ് കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ചവയ്ക്കുന്നത്. മാത്രമല്ല വ്യത്യസ്തവും പ്രയാസകരവുമായ ഒരുപാട് ഷോട്ടുകൾ അനായാസം കളിക്കുന്ന സൂര്യകുമാർ അടുത്ത മത്സരങ്ങളിലും ഈ വമ്പൻ പ്രകടനങ്ങൾ ആവർത്തിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.