ലോകത്ത് ഒരുപാട് ക്രിക്കറ്റർമാരുണ്ട്. ക്രിക്കറ്റ് ഒരു വിനോദമായി മാറുന്നത് ലോകത്തെമ്പാടുമുള്ളവർ അതിനെ ആരാധിക്കുമ്പോളാണ്. എന്നാൽ കേവലം വിനോദം എന്നതിനപ്പുറം ക്രിക്കറ്റിനെ ഒരു വികാരമാക്കിമാറ്റിയ ഒരു തലമുറയെ സൃഷ്ടിച്ച ഇതിഹാസമായിരുന്നു സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും തന്റെതായ പാദമുദ്ര പതിപ്പിച്ച സച്ചിൻ ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്ററായിരുന്നു. 1973 ഏപ്രിൽ 24ന് മഹാരാഷ്ട്രയിലെ ബോംബെയിൽ ജനിച്ച സച്ചിൻ ചെറുപ്പം മുതൽ ക്രിക്കറ്റിനെ അങ്ങേയറ്റം സ്നേഹിച്ച ഒരു കളിക്കാരനായിരുന്നു.
മൈതാനത്ത് ക്ലാസ്സ് ഷോട്ടുകളുടെ ഒരു പുസ്തകം തന്നെ സച്ചിൻ എഴുതുകയുണ്ടായി. 1989ൽ ഇന്ത്യയ്ക്കായി ബാറ്റേന്തുമ്പോൾ സച്ചിൻ ടെണ്ടുൽക്കർക്ക് പ്രായം വെറും 16 വയസ്സ്. പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ തന്നെ തന്റെ പ്രാഗൽഭ്യം സച്ചിൻ തെളിയിച്ചിരുന്നു. മനോഹരമായ സ്ട്രൈറ്റ് ഡ്രൈവുകളായിരുന്നു സച്ചിന്റെ ഏറ്റവും വലിയ സവിശേഷത.സച്ചിനെ വെല്ലുന്ന സ്ട്രൈറ്റ് ഡ്രൈവ് മറ്റാരും ക്രിക്കറ്റിൽ കളിച്ചിട്ടില്ല എന്നത് തന്നെയാണ് വസ്തുത.
റെക്കോർഡുകളുടെ തമ്പുരാനായ സച്ചിൻ ഇന്ത്യക്കായി 200 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 51 സെഞ്ചുറികൾ അടക്കം 15921 റൺസാണ് സച്ചിൻ നേടിയത്. ഒപ്പം 463 ഏകദിനങ്ങളിൽ നിന്ന് 49 സെഞ്ച്വറികൾ അടക്കം 18,426 റൺസും. ബാറ്റിംഗിൽ മാത്രമല്ല ബോളിങ്ങിലും തന്റെ പ്രാഗത്ഭ്യം പലതവണ തെളിയിച്ച സച്ചിൻ പല പുതിയ ക്രിക്കറ്റർമാർക്കും മാതൃക തന്നെയായിരുന്നു. ബാറ്റിംഗ് ക്രീസിലും മൈതാനത്തും പൊതുമധ്യത്തിലും എന്നും ചിരിച്ച മുഖത്തോടെ നടന്നുവരുന്ന സച്ചിന് വിരോധികൾ ഒരിക്കലും ഉണ്ടായിട്ടില്ല.
ആഭ്യന്തരക്രിക്കറ്റിൽ മുംബൈ,യോർക്ക്ഷെയർ,ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾക്കായി സച്ചിൻ കളിച്ചു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന് നട്ടെല്ലായിരുന്നു ഈ ഇതിഹാസം. അങ്ങനെ, പറഞ്ഞാൽ തീരാത്ത റെക്കോർഡുകളുള്ള ക്രിക്കറ്റ് രാജാവ് 2013ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. 9 വർഷങ്ങൾക്കിപ്പുറവും സച്ചിന്റെ അടുത്തെത്താൻ പോലും ഒരു ക്രിക്കറ്റർക്കും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.