ഇന്ത്യൻ സെലക്ടർമാരുടെ പല തീരുമാനങ്ങളിലും മുമ്പ് വിരക്തി അറിയിച്ചിട്ടുള്ള ആളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് മഞ്ജരേക്കർ. എന്നാൽ ഇപ്പോൾ രവിചന്ദ്രൻ അശ്വിനെ ടീമിലേക്ക് തിരികെയെത്തിച്ച സെലക്ടർമാരുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ടാണ് സഞ്ജയ് മഞ്ജരേക്കർ സംസാരിച്ചിരിക്കുന്നത്. എട്ടു മാസത്തെ ഇടവേളക്കുശേഷം അശ്വിനെ ടീമിലേക്ക് തിരിച്ചെത്തിച്ച തീരുമാനം പ്രശംസനീയമാണ് എന്നാണ് മഞ്ജരേക്കർ പറയുന്നത്.
“വിൻഡീസ് പര്യടനത്തിൽ അശ്വിനെ ടീമിലെത്തിച്ച തീരുമാനം വളരെ മികച്ച ഒന്നായിയാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയുടെ ട്വന്റി20 ലീഗിൽ അശ്വിൻ കൃത്യമായി ഒരു ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല ചാഹലിനെപോലെ ഒരു ബോളർക്കൊപ്പം അശ്വിനുള്ളത് ടീമിന് ഒരുപാട് ഗുണം ചെയ്യും. രാജസ്ഥാനിലും നമ്മൾ ഇത് കാണുകയുണ്ടായി.” – മഞ്ജരേക്കർ പറയുന്നു.
നിലവിൽ അശ്വിൻ കൂടുതലായി റണ്ണോഴുക്ക് തടയുന്നതിനാണ് ശ്രദ്ധിക്കുന്നത് എന്ന വിമർശനവും സഞ്ജയ് മഞ്ജരേക്കർ മുൻപിലേക്ക് വയ്ക്കുന്നുണ്ട്. “ഒരു ട്വന്റി20 ബോളർ എന്ന നിലയ്ക്ക് അശ്വിനിൽ കാണുന്ന ഒരു പ്രശ്നം അതാണ്. അയാൾ കൂടുതലായി റണ്ണോഴുക്ക് തടയാൻ ശ്രമിക്കുന്നു. എന്നാൽ ചാഹലിനെ പോലെ ഒരു സ്പിന്നർ ഒപ്പമുള്ളത് അശ്വിന് ഗുണംചെയ്യും. ചാഹൽ ഒരു വിക്കറ്റ് വേട്ടക്കാരനായ ഒരു റിസ്റ് സ്പിന്നർ ആയതിനാൽതന്നെ നല്ല രീതിയിൽ അശ്വിനുമായി സഹകരിക്കാൻ സാധിക്കും. “- മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
2017ന് ശേഷം ഇന്ത്യ അശ്വിനെ ട്വന്റി20 ഫോർമാറ്റിൽ പരിഗണിച്ചിരുന്നില്ല. എന്നാൽ വ്യത്യസ്തമായ വേരിയേഷനുകൾ കൊണ്ട് അശ്വിൻ ഐപിഎല്ലിൽ വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2018ന് ശേഷം ഐപിഎല്ലിൽ 7.46 റൺസാണ് അശ്വിന്റെ ഇക്കണമി.