ഇന്ത്യയുടെ വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20യിലെ പരാജയം വലിയ രീതിയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. മുൻനിര ബാറ്റിംഗിന്റെ തകർച്ചയും, ബോളർമാരെ കൃത്യമായി രോഹിത് ഉപയോഗിക്കാതെവന്നതുമാണ് പരാജയകാരണം എന്നാണ് പലരും വിലയിരുത്തിയത്.. ഡെത്ത് ഓവറുകളിൽ ഭുവനേശ്വര്‍ കുമാറിന് പകരം അര്‍ഷദീപിനെയും ആവേഷ് ഖാനെയും പന്തേല്‍പ്പിച്ചതാണ് മത്സരത്തില്‍ പ്രധാന വഴിത്തിരിവായത്.
എന്തുകൊണ്ടാണ് അവസാന ഓവറിൽ 10 റൺസ് വേണ്ടിയിരുന്നപ്പോൾ മികച്ച രീതിയിൽ ബോൾ ചെയ്തിരുന്ന ഭുവിയ്ക്ക് പകരം വലിയ ഇമ്പാക്ട് ഉണ്ടാക്കാതിരുന്ന ആവേഷിന് ബോള്‍ നൽകിയത് എന്ന് വിമർശനമാണ് രോഹിതിന് നേരെ ഉയരുന്നത്. എന്നാൽ ഇതിനുള്ള മറുപടി തന്റേതായ രീതിയിൽ നൽകിയിരിക്കുകയാണ് ഹിറ്റ്മാൻ.. ”മത്സര പരാജയത്തിനുള്ള പ്രധാനകാരണം ബോർഡില്‍ റണ്‍സ് കുറവായത് തന്നെയാണ്.. പിന്നെ അവസാന ഓവറിനെ സംബന്ധിച്ച്, ഭുവി വർഷങ്ങളായി ഇന്ത്യയ്ക്കായി മികച്ച രീതിയിൽ ഡെത്ത് ഓവറുകൾ എറിഞ്ഞിട്ടുള്ള ബോളറാണ്.
അദ്ദേഹത്തിന് എന്ത് ചെയ്യാനാവും എന്ന് നമുക്കറിയാം. പക്ഷേ അര്‍ഷ്ദീപിനെയും ആവേഷിനെയും പോലുള്ള യുവതാരങ്ങളുടെ കഴിവ് നമുക്ക് അറിയാനുള്ള അവസരമാണിത് ” – രോഹിത് പറയുന്നു”ടീമിലെ ബോളർമാരുടെ പ്രകടനത്തിൽ എനിക്ക് പൂർണ സംതൃപ്തി ഉണ്ട്.. സാധാരണയായി ഇത്തരം ലക്ഷ്യങ്ങൾ 13-14 ഓവറുകളിൽ തന്നെ എതിർ ടീം മറികടക്കേണ്ടതാണ്.
പക്ഷേ ഞങ്ങൾ അവസാന ഓവർ വരെ എത്തിച്ചു..” – രോഹിത് കൂട്ടിച്ചേർത്തു. ബാറ്റിംഗിൽ ഇന്ത്യ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും രോഹിത് പറയുന്നു… മാത്രമല്ല ഇപ്പോൾ തങ്ങൾ ബാറ്റിംഗിൽ കാട്ടുന്ന ആക്രമണോത്സുക മനോഭാവം ഒരു പരാജയം കൊണ്ട് മാറില്ല എന്നും രോഹിത് ആവർത്തിച്ചു..എന്തായാലും മൂന്നാം ട്വന്റി20യില്‍ തെറ്റുകൾ തിരുത്തി ഇന്ത്യ വിജയവഴിയിൽ തിരിച്ചെത്തും എന്ന് തന്നെ പ്രതീക്ഷിക്കാം…