ഒരുപാട് സ്പിന്നർമാർ ഉള്ള ടീമാണ് ഇന്ത്യ. കാലാകാലങ്ങളിൽ പല സ്പിന്നർമാരും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയും ചരിത്രപരമായ റെക്കോർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ പലതരം വേരിയേഷനുകളുമായി ഒരുപാട് സ്പിന്നർമാർ പുതുതായി ടീമിൽ എത്തിയതോടെ സെലക്ഷൻ കമ്മിറ്റി സംശയങ്ങളുടെ ഇടയിലാണ്. ഇന്ത്യൻ ടീമിന്റെ സാഹചര്യവും പിച്ച് സാഹചര്യവുമൊക്കെ കണക്കിലെടുത്ത് സ്പിന്നർമാരെ ടീമിൽ എത്തിക്കുന്നത് പ്രയാസകരം തന്നെയാണ്.
2022 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ സ്പിന്നർ അശ്വിന്റെ സ്ഥാനത്തെ സംബന്ധിച്ച് സംസാരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര ഇപ്പോൾ. 2002 ലെ ഇന്ത്യയുടെ സ്ക്വാഡിൽ രവിചന്ദ്രൻ അശ്വിന്റെ സ്ഥാനം നിശ്ചയിക്കുന്നത്, എന്താണ് ടീം മാനേജ്മെന്റ് സ്പിന്നർമാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്നതിനെ സംബന്ധിച്ചിരിക്കും എന്നാണ് ചോപ്ര പറയുന്നത്. “രവിചന്ദ്രൻ അശ്വിൻ. കഴിഞ്ഞ ലോകകപ്പിൽ അയാൾ പെട്ടെന്നുതന്നെ ടീമിന് പുറത്തായിരുന്നു. അതേസമയം ഇത്തവണ ലോകകപ്പിന് മുമ്പ് അയാൾ വിൻഡീസിനെതിരെ കളിക്കുകയും.
ഏഷ്യാകപ്പ് സ്‌ക്വാഡിൽ ഇടംപിടിക്കുകയും ചെയ്തു. മിക്കവാറും അശ്വിൻ ലോകകപ്പ് കളിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കാനാണ് സാധ്യത. ആരാണ് നല്ലത് ആരാണ് മോശം എന്നതിലല്ല കാര്യം. ഏതുതരം സ്പിന്നറെയാണ് ടീമിന് ആവശ്യം എന്നതിലാണ്.”- ചോപ്ര പറയുന്നു. “ഇതുവരെ അശ്വിൻ ട്വന്റി20 ലോകകപ്പിനുശേഷം 5 മത്സരങ്ങളാണ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് ആറു വിക്കറ്റുകൾ നേടിയിട്ടുണ്ട്.
അത് മോശമൊന്നുമല്ല. കൂടാതെ 20 റൺസ് ശരാശരിയും 6.1 എക്കണോമിയും അശ്വിനുണ്ട്. അതിനാൽ തന്നെ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ അശ്വിൻ നന്നായി കളിച്ചു എന്ന് തന്നെ പറയാനാവും. “- ചോപ്ര കൂട്ടിച്ചേർത്തു. അശ്വിൻ പലപ്പോഴും മികച്ച എക്കണോമി റൈറ്റ് സൂക്ഷിക്കുമ്പോഴും ഐപിഎല്ലിലെ നമ്പറുകൾ അത്ര മികച്ചതല്ല. കഴിഞ്ഞ ഐപിഎല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റ് മാത്രം നേടാനെ അശ്വിന് സാധിച്ചിരുന്നുള്ളൂ.