ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനം നാളെ ഏഴുമണിക്കാണ് ആരംഭിക്കുന്നത്. ഒരുപാട് യുവതാരങ്ങൾ അണിനിരക്കുന്ന ഇന്ത്യൻ ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ട്വന്റി20 പരമ്പര 1-0ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഏകദിനത്തിനിറങ്ങുക. ടീമിലെ പേസ് അറ്റാക്കിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെപറ്റി മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ സംസാരിക്കുകയുണ്ടായി. ആദ്യ മത്സരത്തിൽ അർഷദീപ് സിംഗിന് ഇന്ത്യ വിശ്രമം അനുവദിക്കണമെന്നും, ഉമ്രാൻ മാലിക്കിനെയും ദീപക് ചാഹറിനെയും ടീമിൽ ഉൾപ്പെടുത്തണമെന്നും പാർഥിവ് പട്ടേൽ പറയുന്നു.
“ഞാനായിരുന്നുവെങ്കിൽ അർഷദീപ് സിംഗിന് മത്സരത്തിൽ വിശ്രമം അനുവദിച്ചേനെ. ഒപ്പം ആദ്യ മത്സരത്തിൽ ഉമ്രാൻ മാലിക്കും ചാഹറും കളിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഈ ഫാസ്റ്റ് ബോളർമാർക്ക് ലഭിക്കുന്ന ഒരു വലിയ അവസരവുമായിരിക്കും ഇത്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ശേഷമാണ് ഇവർ ഇന്ത്യയുടെ ടീമിൽ എത്തിയത്. ഇന്ത്യൻ ടീമിലും ഇവർ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.”- പാർഥിവ് പട്ടേൽ പറയുന്നു.
ഇതോടൊപ്പം മത്സരത്തിലെ ന്യൂസിലാൻഡിന്റെ പേസ് അറ്റാക്കിനെ സംബന്ധിച്ച് ദിനേശ് കാർത്തിക്ക് തന്റെ അഭിപ്രായം അറിയിക്കുകയുണ്ടായി. “ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിൽ മൂന്നു പേസർമാരെയും രണ്ട് സ്പിന്നർമാരെയും കളിപ്പിക്കാനാണ് സാധ്യത. രണ്ട് ഫിംഗർ സ്പിന്നർമാരെയാവും അവർ ടീമിൽ ഉൾപ്പെടുത്തുക. പേസർമാരുടെ കാര്യത്തിൽ ഫെർഗുസണോ ആദം മിൽനെയോയാവും അവരുടെ ഒരു ബോളർ”- കാർത്തിക്ക് പറഞ്ഞു.
നാളെ ഓക്സിലണ്ടിലെ ഈഡൻ പാർക്കിലാണ് മത്സരം നടക്കുന്നത്. 2023ലെ 50 ഓവർ ലോകകപ്പിലേക്കായി ഇരുടീമുകളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ തന്നെ മത്സരം കടുപ്പമേറിയതാവും എന്ന് ഉറപ്പാണ്.