ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾക്ക് മുമ്പ് ഒരുപാട് വാഗ്വാദങ്ങളും വാക്പോരുകളും സ്ഥിരം കാഴ്ചയാണ്. പല മുൻ ക്രിക്കറ്റർമാരും ഇതിനായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ മുൻ താരങ്ങളായ വസീം ജാഫർ, വിരേന്ദർ സേവാഗ്, പാകിസ്ഥാന്റെ വഖാർ യൂനിസ്, ഡാനിഷ് കനേറിയ ഇംഗ്ലണ്ടിന്റെ മൈക്കിൾ വോൺ തുടങ്ങിയവയൊക്കെയും സാമൂഹ്യമാധ്യമങ്ങളിലെ വാക്പോരിന് പേരുകേട്ടവരാണ്. ഓഗസ്റ്റ് 28ന് ഏഷ്യാകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കാനിരിക്കെ ഇത്തവണ വാക്പോരുകൾ ആരംഭിച്ചിരിക്കുന്നത് വഖാർ യൂനിസും ഇർഫാൻ പത്താനും തമ്മിലാണ്.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ബാറ്റിംഗ് നിര നട്ടെല്ലൊടിച്ച പാക് ബോളറായിരുന്നു ഷാഹിൻ അഫ്രീദി. ഇത്തവണയും അഫ്രീദി പാകിസ്ഥാന്റെ നെടുംതൂണാവുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും പരിക്കുമൂലം പൂർണമായും അഫ്രിദിയ്ക്ക് ഏഷ്യകപ്പിൽ നിന്നും മാറിനിൽക്കേണ്ടിവന്നു. എന്നാൽ ഇതിനോട് വഖാർ യൂനിസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. -“ഷാഹിദ് അഫ്രീദിയുടെ പരിക്ക് ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാർക്ക് ഒരുപാട് ആശ്വാസമായിട്ടുണ്ട്. അയാളെ ഏഷ്യാകപ്പിൽ കാണാൻ സാധിക്കാത്തതിൽ അതിയായ വിഷമമുണ്ട്”
ഇപ്പോൾ ഈ ടീറ്റിന് മറുപടിയുമായി വന്നിരിക്കുന്നത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർ ഇർഫാൻ പഠാനാണ്. വഖാറിന്റെ ഈ പരാമർശത്തോട് ഇർഫാൻ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. ” ഏഷ്യാകപ്പിൽ ഞങ്ങളുടെ ബുംറയും ഹർഷൽ പട്ടേലും കളിക്കാത്തത് മറ്റെല്ലാ ടീമുകൾക്കും ഒരുപാട് ആശ്വാസമായിട്ടുണ്ട്”.പത്താന്റെ ഈ ട്വീറ്റ് വഖാറിനുള്ള മറുപടിയാണെന്ന് ഉറപ്പാണ്.
ഈ വാക്പോരിലേക്ക് പിന്നീട് മുൻ ഇന്ത്യൻ താരം വസീം ജാഫറും വന്നുകയറിയിട്ടുണ്ട്. ഇർഫാന്റെ ഈ ട്വീറ്റിനുള്ള മറുപടി ഒരു ബോളിവുഡ് ഗാനത്തിലെ വരികളായാണ് ജാഫർ സൂചിപ്പിച്ചത്. “നിങ്ങൾ നേരിട്ട് പറഞ്ഞില്ലെങ്കിലും, എനിക്ക് മനസ്സിലായി” എന്നായിരുന്നു ജാഫർ കുറിച്ചത്. എന്തായാലും മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇനിയും ഇത്തരം വാക്പോരുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.