ലോകക്രിക്കറ്റിൽ റെക്കോർഡുകളുടെ തോഴനായി ഹിറ്റ്മാൻ തുടരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തകർക്കപ്പെടില്ല എന്ന് പലരും വിലയിരുത്തി ഒരുപാട് റെക്കോർഡുകൾ ഹിറ്റ്മാന്റെ പവറിൽ തകർന്നടിഞ്ഞിട്ടുണ്ട്. പ്രധാനമായും സിക്സ് ഹിറ്റിങ്ങിൽ അജയ്യനായിയാണ് ഹിറ്റ്മാൻ തന്റെ കരിയറിലുടനീളം തുടരുന്നത്. ഇപ്പോഴിതാ പാകിസ്താന്റെ ഷാഹിദ് അഫ്രീദിയുടെ സിക്സ് റെക്കോർഡാണ് രോഹിത് ശർമ മറികടന്നിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ ക്രിക്കറ്റർമാരുടെ പട്ടികയിൽ പാകിസ്ഥന്റെ ഷാഹിദ് അഫ്രീദിയെ പിന്തള്ളി രണ്ടാം സ്ഥാനം കൈയടക്കിയിരിക്കുകയാണ് രോഹിത് ശർമ. വിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ 3 സിക്സറുകൾ നേടിയതോടെയാണ് രോഹിത് സാക്ഷാൽ ഷാഹിദ് അഫ്രീദിയുടെ റെക്കോർഡ് മറികടന്ന് സിക്സ് ഹിറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്.
508 അന്താരാഷ്ട്രമത്സരങ്ങളിൽ നിന്ന് 476 സിക്സറുകളാണ് ഷാഹിദ് അഫ്രീദി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ നേടിയിട്ടുള്ളത്. ഇപ്പോൾ രോഹിത് അതു മറികടന്ന് 477 സിക്സറുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സർ നേടിയ ക്രിക്കറ്റർ ക്രിസ് ഗെയ്ലാണ്. 553 സിക്സറുകളാണ് ഗെയ്ൽ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ നേടിയിട്ടുള്ളത്.
ഇവർക്ക് പിന്നിലുള്ളത് 398 സിക്സറുകൾ നേടിയിട്ടുള്ള ന്യൂസിലാൻണ്ടിന്റെ ബ്രണ്ടൻ മക്കല്ലവും 379 സിക്സറുകൾ നേടിയിട്ടുള്ള മാർട്ടിൻ ഗുപ്റ്റിലുമാണ്. നിലവിൽ മാർട്ടിൻ ഗുപ്റ്റിൽ മാത്രമാണ് ഹിറ്റ്മാന് ഭീഷണിയായി ഉള്ളത്. എന്നിരുന്നാലും ഇന്ത്യ ഇപ്പോൾ ബാറ്റിംഗിൽ പിന്തുടരുന്ന ആക്രമണോൽസുക മനോഭാവം തുടരുകയാണെങ്കിൽ ക്രിസ് ഗെയ്ലിന്റെ റെക്കോർഡും ഹിറ്റ്‌മാന് തകർക്കാനാവും.