വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ 2023ലെ ഏഷ്യാകപ്പിന്റെ പ്രധാന വിവരങ്ങൾ പുറത്തുവിട്ട ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. എസിസി ചെയർമാൻ ജയ് ഷാ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വർഷം സെപ്റ്റംബറിൽ നടക്കാൻ പോകുന്ന ഏഷ്യകപ്പിന്റെ ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ടത്. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള അതൃപ്തി ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മറ്റൊരു രാജ്യത്ത് വെച്ച് ഏഷ്യാകപ്പ് നടത്താനാണ് ഇപ്പോൾ എസിസി ശ്രമിക്കുന്നത്. പുറത്തുവിട്ട വിവരങ്ങളിൽ ഏഷ്യാകപ്പ് നടക്കുന്ന സ്ഥലത്തെ പറ്റിയുള്ള വിവരങ്ങൾ അടങ്ങുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ടൂർണമെന്റിൽ അണിനിരക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനാൽതന്നെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആരാധകർക്ക് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം കാണാൻ സാധിക്കും. ഇന്ത്യയും, പാക്കിസ്ഥാനും, ആദ്യ ക്വാളിഫയറിലെ വിജയിയുമാവും ഒരു ഗ്രൂപ്പിൽ അടങ്ങുന്നത്. മറ്റേ ഗ്രൂപ്പിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ അണിനിരക്കും.
2022ൽ നിരാശാജനകമായ ഒരു ഏഷ്യാകപ്പ് ക്യാമ്പയിൻ തന്നെയായിരുന്നു ഇന്ത്യയുടേത്. ഇന്ത്യക്ക് ടൂർണമെന്റിന്റെ ഫൈനലിൽ കളിക്കാൻ പോലും സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി കരുത്തുകാട്ടിയെങ്കിലും, സൂപ്പർ 4 റൗണ്ടിൽ പാക്കിസ്ഥാനോടും ശ്രീലങ്കയോടും ഇന്ത്യ പരാജയമറിഞ്ഞു. ഇതുമൂലമായിരുന്നു ഇന്ത്യ ടൂർണമെന്റിന് പുറത്തായത്.
കഴിഞ്ഞവർഷത്തെ പരാജയത്തിന്റെ കടം തീർക്കാൻ തന്നെയാവും ഇന്ത്യ ഇത്തവണ ഏഷ്യാകപ്പിനിറങ്ങുന്നത്. ഒപ്പം ഇന്ത്യ-പാകിസ്ഥാൻ രാഷ്ട്രീയ പ്രശ്നങ്ങൾ വീണ്ടും ചർച്ചാവിഷയമായ സാഹചര്യത്തിൽ ഇരു ടീമുകളുടെയും മത്സരം ആവേശഭരിതമാകും എന്നതും ഉറപ്പാണ്.