ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇന്ത്യൻ ബാറ്റർ ചേതെശ്വർ പൂജാര കാഴ്ചവച്ചത്. മുൻപ് മോശം ബാറ്റിംഗ് പ്രകടനങ്ങൾ മൂലം പൂജാരയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. 2022 മാർച്ചിൽ നടന്ന ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിലും പൂജാര പുറത്തുനിന്നു. ശേഷം കൗണ്ടി ക്രിക്കറ്റിൽ ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച പൂജാര ടീമിലേക്ക് തിരികെയെത്തുകയായിരുന്നു. പൂജാരയുടെ ഈ അത്യുഗ്രൻ തിരിച്ചുവരവിനെപ്പറ്റിയാണ് ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്.
പൂജാരയുടെ ടീമിലേക്കുള്ള മടങ്ങിവരവ് പല യുവതാരങ്ങൾക്കും മാതൃകയാണ് എന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്. “ടീമിലേക്ക് പൂജാര തിരിച്ചെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ ശേഷം അയാൾ റൺസ് കണ്ടെത്തിയ രീതി അത്യുഗ്രമായിരുന്നു. പല യുവതാരങ്ങൾക്കും ടീമിലേക്ക് തിരിച്ചെത്താനുള്ള മാതൃക കൂടിയാണ് പൂജാരയുടെ പ്രകടനം.”- മുഹമ്മദ് കൈഫ് പറയുന്നു.
“പൂജാര ഒരു മികച്ച മാതൃക തന്നെയാണ്. ടീമിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം അയാൾ എന്താണ് ചെയ്തത്? അയാൾ കൗണ്ടി ക്രിക്കറ്റ് കളിച്ചു. അവിടെ ചതുർദിന മത്സരങ്ങളിലും ഏകദിനങ്ങളിലുമൊക്കെ സെഞ്ചുറികൾ കണ്ടെത്തി. ഇങ്ങനെ വലിയ രീതിയിൽ റൺസ് കണ്ടെത്തിയത് ഇന്ത്യൻ സെലക്ടർമാരിൽ സമ്മർദ്ദമുണ്ടാക്കി. അവർ അവരുടെ തെറ്റുകൾ മനസ്സിലാക്കുകയും പുജാരയ്ക്ക് തന്റെ സ്ഥാനം തിരികെ നൽകുകയും ചെയ്തു.”- കൈഫ് കൂട്ടിച്ചേർക്കുന്നു.
ഇതുവരെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ പൂജാരയാണ് ഇന്ത്യയുടെ ഉപനായകൻ. മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ മികവാർന്ന പ്രകടനം തന്നെയായിരുന്നു പൂജാര കാഴ്ചവച്ചത്. ഇനിയും പൂജാര ഇത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.