ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ പരമ്പര അവസാനിക്കുമ്പോൾ വലിയ ചർച്ചയാകുന്ന ഒന്നാണ് പരമ്പരയിലെ രാഹുലിന്റെ ഫോം. പരമ്പരയിൽ 4 ഇന്നിങ്സുകളിൽ നിന്ന് വെറും 58 റൺസ് മാത്രമാണ് കെഎൽ രാഹുൽ നേടിയത്. രാഹുലിന്റെ ഈ മോശം പ്രകടനം ഒരു പരിധിവരെ ഇന്ത്യയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഇന്ത്യക്കായി 45 ടെസ്റ്റ് മത്സരങ്ങളാണ് രാഹുൽ കളിച്ചിട്ടുള്ളത്. വെറും 34 മാത്രമാണ് രാഹുലിന്റെ ടെസ്റ്റിലെ ശരാശരി. ഇതേപ്പറ്റിയാണ് ഇന്ത്യയുടെ ബാറ്റർ ദിനേശ് കാർത്തിക് പറയുന്നത്.
ഒരു ഓപ്പണർ ബാറ്റർക്ക് വെറും 34 മാത്രം ആവറേജുള്ളത് അംഗീകരിക്കാനാവില്ല എന്ന് കാർത്തിക്ക് പറയുന്നു. “കെഎൽ രാഹുലിന് ഇന്ത്യ രണ്ട് അവസരങ്ങൾ കൂടി നൽകണം. എന്നാൽ അവിടെയും കാര്യങ്ങൾ രാഹുലിന്റെ വഴിക്ക് നടന്നില്ലെങ്കിൽ… ഇതുവരെ 40ലധികം ടെസ്റ്റ് മത്സരങ്ങൾ രാഹുൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 35 മാത്രമാണ് എന്നിട്ടും അയാളുടെ ശരാശരി. ഒരു ഓപ്പണർ എന്ന നിലയിൽ നോക്കുമ്പോൾ ഇത് അംഗീകരിക്കാനാവില്ല. 35 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങളിലെ ഏറ്റവും കുറഞ്ഞ ശരാശരിയാവും ഇത്.”- കാർത്തിക്ക് പറയുന്നു.
“ഇക്കാര്യങ്ങൾ രാഹുൽ ശ്രദ്ധിച്ചേ മതിയാവൂ. അത് അയാളുടെ മനസ്സിൽ ഉണ്ടാവും. ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ ഓസ്ട്രേലിയക്കെതിരെ രാഹുലിന് ഒന്നു രണ്ട് സെഞ്ച്വറികൾ നേടിയെ പറ്റൂ. അല്ലാത്തപക്ഷം നമുക്ക് തീർച്ചയായും ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മാത്രമല്ല മറുവശത്ത് ശുഭ്മാൻ ഗിൽ വളരെ മികച്ച രീതിയിൽ തന്നെയാണ് കളിക്കുന്നത്.”- കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.
2014ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു രാഹുൽ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ശേഷം 45 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രാഹുൽ 2064 റൺസ് നേടിയിട്ടുണ്ട്. 35 മാത്രമാണ് രാഹുലിന്റെ ശരാശരി. കരിയറിൽ 7 സെഞ്ചുറികളും 13 അർത്ഥസെഞ്ചുറികളും ഉണ്ടായിട്ടുണ്ട്.