ഏഷ്യാകപ്പ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യ-പാകിസ്ഥാൻ കളിക്കാർ തമ്മിൽ പോരുമുറുകുന്നത് സ്ഥിരം കാഴ്ചയാണ്. ഇരുടീമുകളെയും പരിഹസിച്ചും, കളിക്കാരുടെ പോരായ്മകൾ എടുത്തുകാട്ടിയും മുൻ ക്രിക്കറ്റർമാർ പോലും രംഗത്ത് വരാറുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. മോശം ഫോമിലൂടെ ഏഷ്യാകപ്പിലെത്തി അവിടെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് വിരാട് കോഹ്ലി. എന്നാൽ വിരാട് കോഹ്ലി വിരമിക്കാൻ സമയമായെഎന്നായിരുന്നു പാക് മുൻ താരം ഷാഹിദ് അഫ്രീദി പറഞ്ഞത്. പലരെയും അഫ്രീദിയുടെ ഈ വാക്കുകൾ അത്ഭുതപ്പെടുത്തി.
കഴിഞ്ഞ മൂന്നു വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് വിരാട് കോഹ്‌ലി ഏഷ്യാകപ്പിൽ കാഴ്ചവച്ചത്. തന്റെ എഴുപത്തിയൊന്നാം അന്താരാഷ്ട്ര സെഞ്ച്വറിയും കോഹ്ലി നേടുകയുണ്ടായി. “വിരാട് തന്റെ കരിയറിന്റെ തുടക്കസമയത്ത് ഒരുപാട് പ്രയാസപ്പെട്ടിരുന്നു. അതിനു ശേഷമാണ് അയാൾ ഒരു പേര് ഉണ്ടാക്കുകയും ചാമ്പ്യൻ ബാറ്ററായി മാറുകയും ചെയ്തത്. ഇപ്പോൾ വിരാട് ഒരു ഉയർന്ന ലെവലിലാണ് നിൽക്കുന്നത്. അതിനാൽ ഇനി ഫോം ഇല്ലാതാകുന്നതിനുമുൻപ് വിരാട് വിരമിക്കുന്നതാണ് നല്ലത്.
ഏഷ്യാകപ്പിനുശേഷം വളരെ കുറച്ച് ക്രിക്കറ്റർമാരെ ഇത്തരമൊരു നിലപാട് എടുത്തിട്ടുള്ളൂ. വിരാട് അത് ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- അഫ്രീദി പറഞ്ഞു. എന്നാൽ അഫ്രീദിയുടെ ഈ മോശം പ്രസ്താവനയ്ക്കെതിരെ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ പ്രതികരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ അമിത് മിശ്ര. അഫ്രിദിയ്ക്ക് മിശ്ര നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
“പ്രിയപ്പെട്ട അഫ്രീദി, ചില ക്രിക്കറ്റർമാർ തന്റെ കരിയറിൽ ഒരിക്കൽ മാത്രമേ വിരമിക്കൂ. അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ വിരാട് കോഹ്ലിയെ ഇതിൽനിന്ന് ഒഴിവാക്കൂ.” ലോകകപ്പ് ട്വന്റി20യ്ക്ക് കേവലം ഒരു മാസം മാത്രം ശേഷിക്കേ ഇന്ത്യയുടെ സ്‌ക്വാഡ് കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുണ്ടായി. സ്ക്വാഡിലെ ഇന്ത്യയുടെ പ്രധാന ബാറ്റർ തന്നെയാണ് വിരാട് കോലി. ഏഷ്യകപ്പിലെ വിരാട് കോഹ്‌ലിയുടെ ഫോം ഇന്ത്യയ്ക്ക് ലോകകപ്പിലും പ്രതീക്ഷകൾ നൽകുന്നതാണ്.