ഇന്ത്യക്ക് സൂപ്പർ4 മത്സരങ്ങൾക്ക് മുമ്പ് ലഭിച്ച തിരിച്ചടിയായിരുന്നു രവീന്ദ്ര ജഡേജയുടെ പരിക്ക്. ആദ്യ രണ്ട് മത്സരങ്ങളിലൂടെ തന്നെ ജഡേജ ഇന്ത്യൻ ടീമിൽ വലിയ ഇംപാക്ടാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ജഡേജ പരിക്കിന്റെ പിടിയിലായതോടെ ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയെ അത് നന്നായി ബാധിക്കുമെന്ന് ഉറപ്പാണ്. മത്സരത്തിന്റെ ഏതു മേഖലയിലാണ് ജഡേജയുടെ അഭാവം ഇന്ത്യയെ ബാധിക്കുക എന്നത് സംബന്ധിച്ച തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പഠാൻ.
ഇന്ത്യൻ ടീമിൽ ജഡേജക്ക് പൂർണമായ പകരക്കാരനായി അക്ഷർ പട്ടേലിനെ ഉപയോഗിക്കാനാവില്ല എന്നാണ് പത്താൻ പ്രതിപാദിക്കുന്നത്. “അക്ഷർ പട്ടേൽ ജഡേജയെ പോലെ തന്നെ ഒരു കളിക്കാരനാണ്. പക്ഷേ അക്ഷറിന് സാധിക്കാത്ത ചിലത് ജഡേജയ്ക്കുണ്ട്. ജഡേജ ഒരു വെടിക്കെട്ട് ബാറ്ററാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളിൽ ഒരു ബാറ്റർ എന്ന നിലയിൽ ജഡേജ ഒരുപാട് ഉയർന്നിട്ടുണ്ട്. നമുക്ക് വേണമെങ്കിൽ ജഡേജയെ ടോപ് ഓർഡർ ബാറ്ററായിപോലും കളിപ്പിക്കാനാകും. എന്നാൽ അക്ഷർ പട്ടേലിനെ സംബന്ധിച്ച് ഇക്കാര്യങ്ങളൊന്നും സാധ്യമല്ല. പത്താൻ പറയുന്നു.
അക്ഷർ പട്ടേലിൽ നിന്ന് ഇന്ത്യയ്ക്ക് നല്ല ബോളിങ് ലഭിക്കും. ഫീൽഡിങ്ങും ലഭിക്കും. പക്ഷേ ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ വരുത്തുന്ന മാറ്റങ്ങൾ, ജഡേജയുടെ അഭാവത്തിൽ അത്ര സാധ്യമല്ല. എന്നിരുന്നാലും എത്രയും വേഗത്തിൽ ജഡേജ പരിക്കിന്റെ പിടിയിൽനിന്നു രക്ഷപ്പെടട്ടെ എന്ന് പ്രതീക്ഷിക്കാം. “- പത്താൻ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ നാലാം നമ്പർ ബാറ്ററായായിരുന്നു ജഡേജ ഇറങ്ങിയത്. മത്സരത്തിൽ 29 പന്തുകളിൽ നിന്നും 35 റൺസ് നേടിയ ജഡേജ, അഞ്ചാം വിക്കറ്റിൽ പാണ്ട്യയുമൊത്ത് നിർണായകമായ 52 റൺസിന്റെ പാർട്ണർഷിപ്പും കെട്ടിപൊക്കുകയുണ്ടായി. ജഡേജയുടെ നഷ്ടം ഇനിയുള്ള ഇന്ത്യയുടെ മത്സരങ്ങളിൽ ബാധിക്കുമെന്ന് ഉറപ്പാണ്.