ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനം മികച്ച പ്രകടനം തന്നെയാണ് പേസർ ഉമേഷ് യാദവ് കാഴ്ചവച്ചത്. പൂർണമായും ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന പിച്ചിൽ തന്റെ പേസ് കൊണ്ട് ഉമേഷ് കളം നിറഞ്ഞു. ബംഗ്ലാദേശിന്റെ ഓപ്പൺമാർ കെട്ടിപ്പടുത്ത 124 റൺസിന്റെ കൂട്ടുകെട്ട് തകർക്കാനും ഉമേഷ് യാദവിന് സാധിച്ചു. ഉമേഷിന്റെ നാലാം ദിവസത്തെ പ്രകടനത്തെ പ്രകീർത്തിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് ഇപ്പോൾ.
“സത്യസന്ധമായി പറഞ്ഞാൽ ഈ ഇന്നിംഗ്സിലെ ഏറ്റവും മികച്ച മീഡിയം പേസർ ഉമേഷ് യാദവ് തന്നെയാണ്. അയാൾ രണ്ടാമത്തെ ന്യൂ ബോളിൽ പോലും അവസരങ്ങൾ ഒരുക്കുകയുണ്ടായി. അതാണ് നമ്മൾ ഫാസ്റ്റ് ബോളർമാരിൽ നിന്ന് പ്രതീക്ഷിക്കുന്നതും. അയാൾ കുറച്ചധികം നാളുകളായി ഇന്ത്യക്കൊപ്പമുണ്ട്. മാത്രമല്ല ഈ സാഹചര്യങ്ങൾ വളരെ നന്നായി ഉമേഷ് യാദവിന് അറിയുകയും ചെയ്യാം. 2010 മുതൽ ഉമേഷ് ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നു. അയാൾ ഒരു സീനിയർ ബോളർ തന്നെയാണ്.”- കാർത്തിക് പറഞ്ഞു.
“ഏഷ്യൻ സാഹചര്യങ്ങളിലെ ഉമേഷിന്റെ പ്രകടനങ്ങൾ വളരെ ഫലപ്രദമാണ്. ഇന്ത്യൻ സാഹചര്യങ്ങളിൽ ബോൾ റിവേഴ്സ് ചെയ്യിക്കാൻ ഉമേഷിന് സാധിക്കുന്നു. അയാൾക്ക് കൃത്യമായി ന്യൂബോളിൽ ഔട്ട്‌സിംഗ് ചെയ്യാൻ സാധിക്കും. ബോളിങ്ങിന് പിന്തുണ ലഭിക്കുന്ന പിച്ചിൽ അയാൾ അപകടകാരിയാണ്. ഉമേഷിന്റെ പേസ് അയാളെ ഒരുപാട് സഹായിക്കുന്നുണ്ട്.”- കാർത്തിക് കൂട്ടിച്ചേർക്കുന്നു.
രണ്ടാം ന്യൂ ബോളിൽ വളരെ കൃത്യതയാർന്ന പ്രകടനമായിരുന്നു ഉമേഷ് യാദവ് കാഴ്ചവെച്ചത്. മുഷ്ഫിഖുർ റഹീമിനെ കൃത്യമായി ട്രാപ്പ് ചെയ്യുന്നതിൽ ഉമേഷ് യാദവ് വിജയിച്ചു. ഇതുവരെ 15 ഓവറുകൾ എറിഞ്ഞ ഉമേഷ് യാദവ് 27 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റും നേടി.