ആർ പി സിംഗിന്റെ മകൻ ഇംഗ്ലണ്ട് ടീമിൽ!! ഇതെന്ത് മറിമായം?? സത്യാവസ്ഥ..

   

ഒരുകാലത്ത് പ്രിയദർശൻ സിനിമകളുടെ പ്രധാന ആശയമായിരുന്നു കൺഫ്യൂഷനുകൾ. ഒരേപേരുള്ളവർ തമ്മിലും ഒരേപോലെ ഇരിക്കുന്നവർ തമ്മിലുമുള്ള ആശയക്കുഴപ്പങ്ങൾ ഒരു കാലത്ത് വലിയ ഹിറ്റായിരുന്നു. എന്നാൽ അതിനെ വെല്ലുന്ന ഒരു കഥയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

   

മുൻ ഇന്ത്യൻ ഇടംകൈയ്യൻ ബോളർ ആർ പി സിംഗ് ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ഭീമാകാരമായ സംഭാവനകൾ നൽകിയിട്ടുള്ള ഒരു ക്രിക്കറ്ററാണ്. 2007ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് നേടിയ ടീമിലെ അവിഭാജ്യഘടകമായിരുന്നു ആർ പി സിംഗ്. ആർപി സിംഗിന്റെ മകന് ഇംഗ്ലണ്ട് ടീമിൽ ഇടംകിട്ടി എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ നന്നായി പ്രചരിക്കുകയുണ്ടായി. ആർ.പി.സിംഗിന്റെ മകൻ ഹാരി സിംഗിന് ഇംഗ്ലണ്ട് ടീമിൽ ഇടം കിട്ടി എന്നതായിരുന്നു വാർത്തകളുടെ ശീർഷകം. എന്നാൽ ഈ വാർത്തയുടെ സത്യാവസ്ഥ പരിശോധിക്കാം.

   

ആർപി സിംഗിന്റെ മകൻ ഹാരി സിംഗിന് ഇംഗ്ലണ്ട് അണ്ടർ19 ടീമിലിടം കിട്ടി എന്ന വാർത്ത സത്യം തന്നെയാണ്. പക്ഷേ അത് ഇന്ത്യയുടെ ഇടങ്കയ്യൻ ബോളർ ആയ ആർ പി സി സിംഗിന്റെ മകനല്ല എന്നുമാത്രം. സത്യത്തിൽ 1986ൽ ഇന്ത്യൻ ടീമിനായി രണ്ട് ഏകദിനങ്ങളിൽ മാത്രം കളിച്ചിട്ടുള്ള 57 കാരനായ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ആർ പി സിംഗിന്റെ മകനാണ് ഹാരി സിംഗ്. സോഷ്യൽ മീഡിയയിലും മറ്റും ഉണ്ടായ വലിയ രീതിയിലുള്ള ആശയക്കുഴപ്പമാണ് ഈ വാർത്ത വളച്ചൊടിക്കപ്പെടാനുള്ള കാരണം.

   

ഇരു ആർ പി സിംഗ് മാരും ഇടതുകൈയന്മാർ ആയതിനാലും ഒരേ പേര് ആയിരുന്നതിനാലുമാണ് ഈ ആശയക്കുഴപ്പം എല്ലായിടത്തും എത്തിയത്. എന്തായാലും ഹാരിസിംഗിനു ടീമിൽ സെലക്ഷൻ ലഭിച്ചത് സത്യമായ വാർത്ത തന്നെയാണ്. നിലവിൽ ലങ്കഷ്യറിന്റെ രണ്ടാം ഇലവനിൽ ഓപ്പണിങ് ബാറ്ററാണ് ഹാരി സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *