ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുമ്പ് ഇരുടീമുകളുടെയും ശക്തിയും ബലഹീനതയും കൃത്യമായി അളക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സീം ബോളർമാരടങ്ങുന്ന പാകിസ്ഥാൻ ടീമിന്റെ മറ്റു ബലഹീനതകളെക്കുറിച്ച് ആകാശ് ചോപ്ര പറയുന്നു. നല്ല വിക്കറ്റ് ടേക്കിങ് സ്പിന്നർമാർ ഇല്ലാത്തതാണ് ഏഷ്യാകപ്പിലെ ഇന്ത്യ-പാക് മത്സരത്തിൽ പാകിസ്താനെ ബാധിക്കാൻ പോകുന്നത് എന്നാണ് ആകാശ് ചോപ്ര പറയുന്നത്.
നിലവിൽ പാകിസ്ഥാൻ സ്‌ക്വാഡിൽ രണ്ടു സ്പിന്നർമാരാണുള്ളത്. ഷദാബ് ഖാനും ഉസ്മാൻ കബീറും. എന്നാൽ ഇരുവരും വിക്കറ്റ് വേട്ടയിൽ പിന്നിലാണെന്നാണ് ചോപ്ര പറയുന്നത്. “വിക്കറ്റ് വേട്ടക്കാരായ സ്പിന്നർമാർ ഇല്ലാത്തതാണ് പാകിസ്ഥാൻ ടീമിന്റെ പ്രധാനപ്രശ്നം. അവർക്ക് ഒത്തിരി സ്പിന്നർമാരുണ്ട്. പക്ഷേ ആര് വിക്കറ്റ് വീഴ്ത്തും? എല്ലാവർക്കും നിയന്ത്രണങ്ങളുണ്ട്. ഷദാബ് ഖാൻ പിഎസ്എല്ലിൽ നന്നായി കളിച്ചു. എന്നാൽ കഴിഞ്ഞ അന്താരാഷ്ട്ര മത്സരങ്ങളിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എന്തായാലും ചാഹാലിനെയോ റാഷിദ് ഖാനെയോപോലുള്ള വിക്കറ്റ് വേട്ടകാരനല്ല ഷദാബ്”- ആകാശ് ചോപ്ര പറയുന്നു.
ഇതിനോടൊപ്പം ഖാദിറിനെപോലെയുള്ള പാക് സ്പിന്നർമാരുടെ പരിചയസമ്പന്നതകുറവും ആകാശ് ചോപ്ര എടുത്തുകാട്ടുന്നു. “ഉസ്മാൻ ഖാദിറിന് വിക്കറ്റെടുക്കാനാവും. പക്ഷേ അയാൾക്ക് പരിചയസമ്പന്നത കുറവാണ്. നവാസിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ദുബായ് പിച്ച് സാധാരണയായി തിരിയാറില്ല. പക്ഷേ മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തേണ്ടത് അവിടെ ആവശ്യം തന്നെയാണ്. സത്യംപറഞ്ഞാൽ അതിനു പറ്റിയ സ്പിന്നർമാർ പാകിസ്ഥാനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ശോഭനമായത് സ്പിൻ വിഭാഗമാണ്. യുസ്‌വേന്ദ്ര ചഹലിനെപോലുള്ള ലോകനിലവാരമുള്ള സ്പിന്നറാണ് ഇന്ത്യൻ ബോളിംഗ് നിരയുടെ ശക്തി. എന്നിരുന്നാലും ദുബായ് പിടിന്റെ അവസ്ഥയും സാഹചര്യങ്ങളും മത്സരത്തെ ബാധിക്കുമെന്നത് ഉറപ്പാണ്.