ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അഞ്ചു റൺസിന് വിജയം നേടിയതോടെ ഇന്ത്യ സെമി ഫൈനലിലേക്കുള്ള സാധ്യതകൾ ഉയർത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വീണ്ടും കാണാനായത് വിരാട് കോഹ്ലിയുടെ ഒരു തകർപ്പൻ പ്രകടനം തന്നെയായിരുന്നു. മത്സരത്തിൽ 44 പന്തുകളിൽ 64 റൺസായിരുന്നു വിരാട് കോഹ്ലി നേടിയത്. കോഹ്ലിയുടെ ഈ ഇന്നിംഗ്സിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ മോശം പ്രകടനങ്ങൾക്ക് ശേഷം കോഹ്ലി നടത്തിയ ഈ വമ്പൻ തിരിച്ചുവരവിനെയാണ് ഇർഫാൻ പത്താൻ പ്രശംസിക്കുന്നത്.
“ഏതു ഫോർമാറ്റിലായാലും സ്ഥിരതയോടെ റൺസ് നേടുക എന്നത് അനായാസകാര്യമല്ല. കോഹ്ലിയെ സംബന്ധിച്ച് ടെസ്റ്റിലായാലും ഏകദിനത്തിലായാലും ട്വന്റി20യിലായാലും 50 റൺസിന് മുകളിൽ ശരാശരിയുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കോഹ്ലിയെ കൂടുതൽ മികച്ച ബാറ്ററാക്കുന്നു.”- ഇർഫാൻ പത്താൻ പറഞ്ഞു.
ഇതോടൊപ്പം ഏത് സാഹചര്യത്തിനനുസരിച്ചും തന്റെ ബാറ്റിംഗ് ശൈലി മാറ്റാനുള്ള കോഹ്ലിയുടെ കഴിവിനെയും ഇർഫാൻ പത്താൻ അഭിനന്ദിക്കുകയുണ്ടായി. “മത്സരത്തിൽ ഏത് റോളിലും കളിക്കാൻ സാധിക്കുന്ന ബാറ്ററാണ് വിരാട് കോഹ്ലി. വിക്കറ്റ് ഭദ്രമായി കാത്തുസൂക്ഷിച്ച് കളിക്കാൻ അയാൾക്ക് സാധിക്കും. ശേഷം ക്രീസിലുറച്ച് ആക്രമണപരമായും കോഹ്ലി കളിക്കും. അങ്ങനെയൊരു ബാറ്റർ ഫോമിലാണെങ്കിൽ എതിർ ടീമിനെ സംബന്ധിച്ച് വലിയ അപകടം തന്നെയാണ് അത്”- ഇർഫാൻ പത്താൻ കൂട്ടിച്ചേർക്കുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ മെല്ലെയാണ് കോഹ്ലി തുടങ്ങിയത്. രാഹുലും സൂര്യകുമാറും അടിച്ചു തകർക്കുന്ന സമയത്ത് കോഹ്ലി തന്റെ വിക്കറ്റ് സൂക്ഷിച്ചു. സൂര്യകുമാർ പുറത്തായ ശേഷമായിരുന്നു കോഹ്ലി വമ്പനടികൾ ആരംഭിച്ചത്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് കോഹ്ലി തന്നെയായിരുന്നു.