വളരെ പ്രതീക്ഷയോടെ ഇന്ത്യൻ ടീമിൽ എത്തി ടീമിൽ തുടരാൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ശ്രേയസ് അയ്യരുടെ കാര്യത്തിൽ ഇപ്പോൾ കാണാനാവുന്നത്. മികച്ച ഫോമിൽ നിന്ന അയ്യർ വിന്‍ഡീസ് ഷോര്‍ട്ട് ബോളുകളുടെ മുമ്പിൽ പലപ്പോഴും പരാജയപ്പെടുന്നത് ട്വന്റി20 പരമ്പരയിലെ ഒരു കാഴ്ച തന്നെയാണ്. 3ആം ട്വന്റി20യില്‍ 27 പന്തുകളിൽ നിന്ന് വെറും 24 മാത്രം നേടാനെ അയ്യര്‍ക്ക് സാധിച്ചിരുന്നുള്ളൂ. ഒപ്പം ഷോർട് ബോളുകൾ അയ്യരുടെ ബലഹീനതയാണെന്ന് വീണ്ടും തെളിയിക്കുകയും ചെയ്തു.
ശ്രേയസ് അയ്യരെ ടീമിൽ നിന്ന് ഒഴിവാക്കി പകരം ദീപക് ഹൂഡയെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യിക്കുന്നതാണ് ഉത്തമം എന്നാണ് മുന്‍ ഇന്ത്യൻ താരം പാർഥിവ് പട്ടേല്‍ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. കൂടാതെ അയ്യർക്ക് പകരം രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തണമെന്നും പാർഥിവ് പറഞ്ഞുവെക്കുന്നു.
” ജഡേജയ്ക്ക് വിശ്രമം അനുവദിച്ചതാണെങ്കിൽ ഇപ്പോൾ ശ്രേയർക്ക് പകരം അയാളെ ടീമിൽ എത്തിക്കേണ്ട സമയമായിരിക്കുന്നു. ഒപ്പം ദീപക് ഹൂഡയെ മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറക്കുകയും ചെയ്യണം. അതേപോലെ ഹർഷൽ പട്ടേല്‍ ഫിറ്റ്നസ്സിൽ ആണെങ്കിൽ നാലാം ട്വന്റി20യില്‍ ആവേഷ് ഖാന് പകരം ഹര്‍ഷല്‍ പട്ടേലിനെ കളിപ്പിക്കണം.” – പാര്‍ഥിവ് പറയുന്നു.
മൂന്നാം ട്വന്റി20യില്‍ ശ്രേയസ് അയ്യര്‍ക്ക് ഒരു സുവർണാവസരമായിരുന്നു വന്നുചേർന്നതെന്നും അത് ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നും പ്രാർഥിവ് പട്ടേല്‍ കൂട്ടിച്ചേർത്തു. നിലവിൽ സഞ്ജു സാംസനും ഇഷാന്‍ കിഷനും ടീമിന് പുറത്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ എത്രനാൾ ശ്രേയസ് അയ്യരെ ഈ ഫോമിൽ കളിപ്പിക്കുമെന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്.