ഏഷ്യാകപ്പിന് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ഹോം സീരീസുകൾ പ്രഖ്യാപിച്ച് ബിസിസിഐ. സെപ്റ്റംബർ മാസം ആരംഭിക്കുന്ന ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും ഇന്ത്യൻ പര്യടനത്തിന്റെ സമയക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരം തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കാൻ പോകുന്നത് എന്നതും ശ്രദ്ധേയകരമാണ്.
ഓസ്ട്രേലിയക്കെതിരെ 3 ട്വന്റി20കളാണ് ഇന്ത്യ പരമ്പരയിൽ കളിക്കുക. സെപ്റ്റംബർ 20 മുതൽ 25 വരെയാണ് ഈ മത്സരങ്ങൾ നടക്കുക. മൊഹാലിയും നാഗ്പൂരും ഹൈദരാബാദമാണ് മത്സരങ്ങൾക്ക് വേദിയാവുക.
പിന്നീട് സെപ്റ്റംബർ 28 മുതൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയാവും എതിരാളികളാവുക. 3 ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും പരമ്പരയിൽ ഉണ്ടാവും. ഇതിൽ ആദ്യ ട്വൻറി20 സെപ്റ്റംബർ 28ന് തിരുവനന്തപുരത്ത് നടക്കും. മറ്റു രണ്ടു ട്വൻറി20കളും ഗുവാഹത്തിലും ഇൻഡോറിലും നടക്കും. ശേഷം മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പര ഒക്ടോബർ 6 മുതൽ 11 വരെയാണ് നടക്കുക.
ലോകകപ്പ് ട്വന്റി20യ്ക്ക് മുമ്പ് ഇന്ത്യൻ ടീമിന് ആവശ്യമായ പരിശീലനങ്ങൾ ലഭ്യമാകാൻ ആണ് ബിസിസിഐ ഇങ്ങനെ ഒരു ഷെഡ്യൂൾ നിശ്ചയിക്കുന്നത് എന്നത് ഉറപ്പാണ്. അതിനാൽതന്നെ ഈ രണ്ടു പരമ്പരകളുടെയും പ്രാധാന്യം വളരെ വലുതാണ്. എന്തായാലും ഈ അവസരം ഇന്ത്യൻ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം