ഇന്ത്യയുടെ വിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കുപറ്റിയത് ഇന്ത്യൻ ക്യാമ്പിനെയടക്കം നിരാശയിലാഴ്ത്തിയിട്ടുണ്ട്. ബാറ്റിംഗ് ഓപ്പണര്‍ എന്നതിലുപരി ഇന്ത്യൻ ടീമിന്റെ നട്ടെല്ലായ ക്യാപ്റ്റൻ രോഹിതില്ലാതെ അടുത്ത മത്സരത്തിന് ഇറങ്ങുന്നത് ഇന്ത്യൻ ടീമിന് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ തന്റെ പരിക്കിനെ സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രോഹിത്.
അടുത്ത ട്വന്റി20 മത്സരത്തിന് കുറച്ചു ദിവസങ്ങൾ ശേഷിക്കെ താൻ ടീമിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് രോഹിത്തിന്റെ പ്രതീക്ഷ. അടുത്ത മത്സരത്തിനു മുമ്പ് മതിയായ ഇടവേളയുണ്ടെന്നും അത് തന്റെ ഫിറ്റ്നസ് തിരിച്ചുപിടിക്കുന്നതിൽ സഹായിക്കുമെന്നും രോഹിത് പറയുന്നു. എന്നിരുന്നാലും കരിയറിൽ ഒരുപാട് ബാക്ക് ഇഞ്ചുറികള്‍ രോഹിതിന് ഉണ്ടായതിനാൽ ആശങ്കയിൽ തന്നെയാണ് ആരാധകർ.
വാര്‍ണര്‍ പാർക്കിൽ നടന്ന മൂന്നാം ട്വന്റി20യ്ക്കിടെയായിരുന്നു രോഹിത്തിന് നടുവിന് പരിക്കേറ്റത്. മത്സരത്തിൽ ക്രീസിലുണ്ടായിരുന്ന അത്രയും സമയം രോഹിത് വളരെ അനായാസം ബൗണ്ടറുകൾ നേടുകയുണ്ടായി. അഞ്ചുപന്തുകളിൽ 11 റൺസായിരുന്നു മത്സരത്തിൽ രോഹിത്തിന്റെ സമ്പാദ്യം. എന്നാൽ വിന്‍ഡീസ് പേസര്‍ അള്‍സാരി ജോസഫിനെ ലെഗ് സൈഡിലേക്ക് അടിച്ചകറ്റാൻ ശ്രമിക്കുന്നതിനിടെ രോഹിത്തിന് ബാക്ക് ഇഞ്ചുറി ഉണ്ടാവുകയായിരുന്നു.
ഇന്ത്യൻ ഫിസിയോയുമായി ഏകദേശം രണ്ടു മിനിറ്റ് നീണ്ട സംസാരത്തിനൊടുവിലായിരുന്നു രോഹിത് മൈതാനം വിടാൻ തീരുമാനിച്ചത്. ശേഷം BCCIയാണ് രോഹിത്തിന് ബാക്ക് ഇഞ്ചുറിയാണ് എന്ന സ്ഥിതികരണം നൽകിയത്. എന്തായാലും പൂർണ്ണ ഫിറ്റ്നസോടെ രോഹിത് അടുത്ത മത്സരത്തിനും കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.