തങ്ങളുടെ അംഗവിക്ഷേപങ്ങൾ കൊണ്ട് ഒരുപാട് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവരാണ് ഇന്ത്യൻ ക്രിക്കറ്റർമാർ. ചിലർ തങ്ങളുടെ ശാന്തത കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ മറ്റുചിലർ ദേഷ്യവും അസഹിഷ്ണുതയും കൊണ്ട് പത്രമാധ്യമങ്ങളുടെ തലക്കെട്ടുകൾ ആവാറുണ്ട്. ഗാംഗുലിയുടെയും കോഹ്ലിയുടെയും അഗ്രസീവ് സമീപനങ്ങളും ധോണിയുടെ ശാന്തസ്വഭാവവുമൊക്കെ ശ്രദ്ധ ആകർഷിച്ചതിലും അത്ഭുതമില്ല.
എം എസ് ധോണി എന്ന ശാന്തനുശേഷം പുതിയ ക്യാപ്റ്റൻ കൂൾ എന്ന് പലരും വിശേഷിപ്പിച്ച ക്രിക്കറ്ററാണ് രോഹിത് ശർമ. മൈതാനത്ത് വളരെ ശാന്തനായിയാണ് രോഹിത് പലപ്പോഴും കാണപ്പെടാറുള്ളത്. എന്നാൽ രോഹിത് പൊട്ടിത്തെറിച്ച ഒരു നിമിഷമുണ്ട്. 2019 ഒക്ടോബറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം.
രോഹിതിന് ടെസ്റ്റ് കരിയറിൽ ആദ്യമായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ലഭിച്ച അവസരമായിരുന്നു അത്. ആ അവസരം നന്നായി രോഹിത് ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യ പെട്ടെന്ന് റൺസ് നേടി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനായി തിടുക്കം കാട്ടി. രണ്ടാമിന്നിംഗ്സിന്റെ 26ആം ഓവറിൽ രോഹിത് കവർ പോയിന്റിലേക്ക് ബോൾ തട്ടുകയും സിംഗിളിനായി കുതിക്കുകയും ചെയ്തു.
എന്നാൽ നോൺ സ്ട്രൈക്കർ എന്‍ഡില്‍ നിന്ന പൂജാര ആ സിംഗിള്‍ അവഗണിച്ചു. ദേഷ്യം വന്ന രോഹിത് മോശമായ വാക്കുകൾ പൂജാരക്ക് നേരെ പ്രയോഗിച്ചു. ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകർ ആ വാക്കുകള്‍ കേൾക്കുകയും ചെയ്തു.. ഇംഗ്ലണ്ട് ഒാള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് അടക്കമുള്ള മറ്റു ക്രിക്കറ്റര്‍മാർ ഇതിനെതിരെ പ്രതികരണം അറിയിക്കുകയുണ്ടായി. എന്നാൽ പിന്നീട് രോഹിത്തിന്റെ ശാന്തത നഷ്ടപ്പെട്ട നിമിഷങ്ങൾ ഉണ്ടായിട്ടുമില്ല.