ഇന്ത്യയുടെ വരുന്ന വർഷങ്ങളിലേക്കുള്ള സെലക്ഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ച് ബിസിസിഐ. ജനുവരി ഏഴിനാണ് ബിസിസിഐ സീനിയർ പുരുഷ ടീമിന്റെ സെലക്ഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട ചേതൻ ശർമ്മ തന്നെയാണ് വീണ്ടും സെലക്ഷൻ കമ്മിറ്റിയുടെ ചീഫ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുൻപ് 2022 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായ ശേഷമായിരുന്നു പഴയ സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിടാൻ തീരുമാനം ഉണ്ടായത്.
ശിവസുന്ദർ ദാസ്, സുബ്രോട്ടോ ബാനർജി, സലീൽ അങ്കോള, ശ്രീധരൻ ശരത് എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങൾ. ബിസിസിഐ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം ബോധ്യപ്പെടുത്തിയിരിക്കുന്നത്. “ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ഓൾ ഇന്ത്യ സെലക്ഷൻ കമ്മിറ്റിയിലേക്ക് അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ പൂർത്തീകരിച്ചിരിക്കുകയാണ്”.
“600ലധികം ആപ്ലിക്കേഷനുകളാണ് ഈ അഞ്ചു പോസ്റ്റുകളിലേക്ക് ബിസിസിഐക്ക് ലഭിച്ചത്. നമ്മുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്ലിക്കേഷൻ ലഭിച്ചത്. കൃത്യമായ നിരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കും ഒടുവിൽ CAC 11 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും, അവരെ അഭിമുഖത്തിന് ക്ഷണിക്കുകയുമാണ് ഉണ്ടായത്.”- ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇതിന് ശേഷം 11 പേരിൽ നിന്ന് ബിസിസിഐ 5 അംഗങ്ങൾ അടങ്ങുന്ന പാനലിനെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്.
മുൻപ് 2022ലെ ട്വന്റി20യിൽ ഇന്ത്യക്കേറ്റ പരാജയത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്ന സെലക്ടറായിരുന്നു ചേതൻ ശർമ. അതിനാൽതന്നെ 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ചേതൻ ശർമയുടെ തീരുമാനങ്ങൾക്ക് ഒരുപാട് ശ്രദ്ധ പിടിച്ചു പറ്റാൻ സാധിക്കും.