ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച ക്രിക്കറ്ററായിരുന്നു മഹേന്ദ്ര സിംഗ് ധോണി. ലോകക്രിക്കറ്റിൽ തന്നെ വിക്കറ്റ് കീപ്പിങ്ങിന് പുതിയൊരു മാനദണ്ഡം നൽകാൻ ധോണിയ്ക്ക് സാധിച്ചിരുന്നു. പ്രധാനമായും തന്റെ വിക്കറ്റ് കീപ്പിങ്ങിന്റെ വേഗതയായിരുന്നു ധോണിയെ വ്യത്യസ്തനാക്കിയത്. പല യുവ ക്രിക്കറ്റർമാർക്കും ധോണിയുടെ കരിയർ ഒരുപാട് മാതൃകയുമാണ്. തന്റെ കരിയറിൽ ധോണി എന്ന ക്രിക്കറ്റർ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് ഇപ്പോൾ വിദർഭ താരം ജിതേഷ് ശർമ്മ പറയുന്നത്.
തന്നെ ബാറ്റിംഗിൽ രോഹിത് ശർമയും എബി ഡിവില്ലിയേഴ്‌സും നന്നായി സ്വാധീനിച്ചിരുന്നു എന്ന് ജിതേഷ് ശർമ പറയുന്നു. പക്ഷേ വിക്കറ്റ് കീപ്പിങ്ങിലേക്ക് വരുമ്പോൾ ധോണിയല്ലാതെ മുൻപിൽ മറ്റൊരാളില്ല എന്നാണ് ജിതേഷ് പറഞ്ഞത്. “ഇന്ത്യയിൽ എല്ലാം ധോണിക്ക് ശേഷമാണ് ആരംഭിച്ചത്. അതിനാൽതന്നെ എന്നെപ്പോലെയുള്ള ക്രിക്കറ്റർമാർക്ക് അദ്ദേഹം എത്രമാത്രം പ്രചോദനമാണെന്ന് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. വിക്കറ്റിന് പിന്നിൽ ധോണിയൊരു അവിസ്മരണീയ ക്രിക്കറ്റർ തന്നെയാണ്.”- ജിതേഷ് ശർമ പറയുന്നു.
“ഞാൻ തിരക്കില്ലാത്ത സമയത്ത് ധോണിയുടെ വീഡിയോകൾ കാണുകയും സമ്മർദ്ദങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കുകയും ചെയ്തിരുന്നു. ഒപ്പം മത്സരം അവസാന ഓവറിലേക്ക് എത്തിക്കുന്നതും കൃത്യമായി ബോളർമാരെ ലക്ഷ്യം വയ്ക്കുന്നതും ശ്രദ്ധിക്കാറുണ്ട്. ദൈവത്തിന്റെ കൃപയാൽ അദ്ദേഹത്തോട് സംസാരിക്കാൻ എനിക്കൊരു അവസരം ലഭിച്ചാൽ, അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഞാൻ ശ്രമിക്കും.”- ജിതേഷ് ശർമ കൂട്ടിച്ചേർക്കുന്നു.
നിലവിലെ ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിലെ അംഗമാണ് വിദർഭ ക്രിക്കറ്ററായ ജിതേഷ് ശർമ. മലയാളി താരം സഞ്ജു സാംസണ് പരിക്ക് പറ്റി പരമ്പരയിൽ നിന്ന് ഒഴിവായ സാഹചര്യത്തിലായിരുന്നു ഇന്ത്യ ജിതേഷിനെ സ്‌ക്വാഡിൽ പരിഗണിച്ചത്.