ഇന്ത്യക്കായി കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ് അക്ഷർ പട്ടേൽ കാഴ്ചവെച്ചത്. ഇന്ത്യയുടെ മുൻനിര തകർന്നു വീണപ്പോഴൊക്കെയും രക്ഷകനായി അക്ഷർ പട്ടേൽ ഉണ്ടായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ഇതുതന്നെയാണ് കാണാൻ സാധിക്കുന്നത്. ആദ്യ മത്സരത്തിൽ 20 പന്തുകളിൽ 31 റൺസെടുത്ത അക്ഷർ, രണ്ടാം മത്സരത്തിൽ 31 പന്തുകളിൽ 65 റൺസ് നേടി. ഈ അവസരത്തിൽ അക്ഷറിനെ മുൻനിരയിൽ ഇറക്കണമെന്ന ആവശ്യം ചിലർ ഉന്നയിക്കുകയുണ്ടായി. ഇതിനുള്ള മറുപടി നൽകുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.
അക്ഷർ പട്ടേലിന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തേണ്ട കാര്യമില്ല എന്നാണ് വസീം ജാഫർ പറയുന്നത്. “അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അക്ഷർ ഇപ്പോൾ ബാറ്റ് ചെയ്യുന്ന പൊസിഷൻ തന്നെയാണ് അയാൾക്ക് ഉത്തമം. കാരണം ആ പൊസിഷനിൽ അയാൾ നന്നായി ഫിനിഷ് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ആ താളം നശിപ്പിക്കാതിരിക്കുക എന്നത് പ്രധാനമാണ്. എന്നിരുന്നാലും മുൻനിരയിൽ നിന്ന് കൂടുതൽ മികച്ച പ്രകടനങ്ങളാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മുൻനിര കുറച്ചു കൂടി മികവോടെ കളിച്ചാൽ അക്ഷറിന് കാര്യങ്ങൾ എളുപ്പമാവും.”- ജാഫർ പറയുന്നു.
ഇതോടൊപ്പം രാജ്കോട്ട് മത്സരത്തിലെ തന്റെ പ്രതീക്ഷകളെപറ്റിയും വസീം ജാഫർ സംസാരിക്കുകയുണ്ടായി. “രാജ്കോട്ടിൽ ബാറ്റിംഗിനനുകൂലമായ ഒരു ഹൈസ്കോറിഗ് മത്സരമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവിടെ ബോൾ നന്നായി ബാറ്റിലേക്ക് വരും. ടോസ് നേടിയാൽ ഇന്ത്യ ആദ്യം ബോളിങ് തിരഞ്ഞെടുക്കുമെന്നാണ് ഞാൻ കരുതുന്നത്. എന്നിരുന്നാലും ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാലും അതത്ര മോശം കാര്യമല്ല.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.
പരമ്പരയിലെ ആദ്യ മത്സരം മുംബൈയിലായിരുന്നു നടന്നത്. മത്സരത്തിൽ 163 റൺസാണ് ഇന്ത്യ നേടിയത്. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 207 റൺസ് നേടി. മൂന്നാം മത്സരവും ഹൈ സ്കോറിങ് മത്സരമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.