2023ലെ 50 ഓവർ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ ടീമുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യ 20 അംഗങ്ങൾ അടങ്ങുന്ന പട്ടിക രൂപീകരിക്കുകയുംഴ് അതിൽ നിന്ന് കളിക്കാരെ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ കളിക്കാർക്ക് തങ്ങളുടെ റോൾ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം ശ്രീകാന്ത് പറയുന്നത്. അതോടൊപ്പം കളിക്കാർക്ക് ഇന്ത്യ മൈതാനത്ത് കൃത്യമായ സ്വാതന്ത്ര്യം നൽകണമെന്നും ശ്രീകാന്ത് പറയുന്നു.
“നമ്മൾ കളിക്കാർക്ക് കൃത്യമായ റോൾ നിർദ്ദേശിക്കേണ്ടത് അത്യാവശ്യമാണ്. ഇഷാൻ കിഷനെ ശ്രദ്ധിച്ചാൽ, അയാൾക്ക് മികച്ച രീതിയിൽ ആക്രമിക്കാൻ സാധിക്കും. സമീപസമയത്ത് ഇരട്ട സെഞ്ച്വറി പോലും കിഷൻ നേടുകയുണ്ടായി. ഇത്തരം കളിക്കാർക്ക് തങ്ങളുടെതായ സ്വാതന്ത്ര്യം നൽകി കളിക്കാൻ അനുവദിക്കണം. അവരെ നിയന്ത്രിക്കരുത്. ഇഷാനെപ്പോലെ വെടിക്കെട്ട് അഴിച്ചുവിടുന്ന രണ്ടോ മൂന്നോ കളിക്കാരെ നമുക്ക് ആവശ്യമാണ്.പിന്നെ ബോളിംഗ് ഓൾറൗണ്ടർമാരും ബാറ്റിംഗ് ഓൾറൗണ്ടർമാരും വേണം. ഇത്തരം കളിക്കാരുടെ കോമ്പിനേഷനാണ് നമുക്ക് ലോകകപ്പ് ടീമിൽ ആവശ്യം.”- ശ്രീകാന്ത് പറഞ്ഞു.
“മുൻപ് ഗൗതം ഗംഭീറായിരുന്നു ഇന്ത്യക്കായി പ്രധാന ആങ്കറുടെ റോളിൽ കളിച്ചിരുന്നത്. ആ രീതിയിൽ വേണം വിരാട് കോഹ്ലി 2023 ലോകകപ്പിൽ കളിക്കാൻ. ഇത് മറ്റു കളിക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകും. അവർ അവരുടേതായ മത്സര രീതിയിൽ തന്നെ ഉറച്ചുനിൽക്കും. പുറത്തായാലും ആ സമീപനത്തിൽ തന്നെ ഉറച്ചുനിന്നു കളിക്കുന്നതാണ് ടീമിന് ഉത്തമം.”- ശ്രീകാന്ത് പറയുന്നു.
ഇതോടൊപ്പം ശുഭമാൻ ഗില്ലും ശർദുൽ താക്കൂറും ലോകകപ്പ് കളിക്കാനുള്ള തന്റെ പട്ടികയിലില്ല എന്നും ശ്രീകാന്ത് പറഞ്ഞു. ബുമ്ര, ഉമ്രാൻ മാലിക്, അർഷാദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നീ പേസർമാരാണ് ലോകകപ്പിൽ ഇന്ത്യക്കായി കളിക്കേണ്ടത് എന്നും ശ്രീകാന്ത് പറയുന്നു.