ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ മോശം ബോളിംഗ് പ്രകടനം തന്നെയായിരുന്നു സീമർ അർഷദീപ് സിംഗ് കാഴ്ചവച്ചത്. ശേഷം ടീമിലേക്ക് തിരിച്ചെത്തിയ അർഷദ്വീപിന് ഒരുതരത്തിലും താളം കണ്ടെത്താൻ സാധിക്കാതെ വന്നു. എന്നാൽ പരിക്കിന് ശേഷം അർഷദീപ് നേരിട്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതിനെ വിമർശിച്ചു കുറച്ചധികം മുൻ താരങ്ങൾ രംഗത്ത് വരികയുണ്ടായി. വലിയൊരു ഇടവേള ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ അർഷദീപ് പഞ്ചാബിനായി കളിക്കാതിരുന്നത് എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം ചോദിക്കുന്നത്.
രണ്ടാം ട്വന്റി2യിൽ 5 നോബോളുകൾ അർഷാദീപ് എറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സാബാ കരീമിന്റെ ഈ ചോദ്യം. “അന്താരാഷ്ട്ര മത്സരങ്ങൾക്കിടയിൽ എന്തുകൊണ്ടാണ് അർഷദ്ദീപ് ആഭ്യന്തര മത്സരങ്ങൾ കളിക്കാതിരുന്നത്? എന്തുകൊണ്ടാണ് അയാൾ വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനായി കളിക്കാതിരുന്നത്? സച്ചിനും ജവഗൾ ശ്രീനാഥുമൊക്കെ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കാതിരുന്ന സമയത്ത് മുംബൈയെയും കർണാടകയെയും പ്രതിനിധീകരിച്ചിട്ടുണ്ട്.”- സാബാ കരീം പറയുന്നു.
ഇതോടൊപ്പം രണ്ടാം ട്വന്റി20യിലെ ഇന്ത്യയുടെ പരാജയത്തെപ്പറ്റിയും കരീം പറഞ്ഞു. ഇന്ത്യക്കായി ഇപ്പോൾ അണിനിരക്കുന്നത് യുവതാരങ്ങൾ ആണെന്നും അവർക്ക് നമ്മൾ കുറച്ചധികം സമയം നൽകേണ്ടതുണ്ടെന്നും കരീം പറയുന്നു. “നമ്മൾ ക്ഷമ കാണിക്കണം. പുതിയൊരു ടീം കെട്ടിപ്പടുക്കാൻ സമയം ആവശ്യമാണ്. ഇത് ഒരുപാട് മാറ്റങ്ങളുള്ള യുവനിരയാണ്. പുതിയ കളിക്കാർ പിഴവുകൾ വരുത്തും. അങ്ങനെയാണ് അവർ പഠിക്കുന്നത്.”- സാബാ കരീം കൂട്ടിച്ചേർക്കുന്നു.
ഇന്നു വൈകിട്ട് ഏഴുമണിക്കാണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ അവസാന ട്വന്റി20 മത്സരം നടക്കുന്നത്. പരമ്പര സമനിലയിൽ നിൽക്കുന്നതിനാൽ തന്നെ അവസാന മത്സരം വളരെയധികം നിർണായകമാണ്. എന്ത് വിലകൊടുത്തും മത്സരത്തിൽ വിജയിക്കാനാവും ഇരു ടീമുകളും ശ്രമിക്കുന്നത്.