2022ലെ ട്വന്റി20 ലോകകപ്പിലടക്കം വലിയ രീതിയിൽ ചർച്ചയായ ഒന്നാണ് ഇന്ത്യൻ ടീമിന്റെ യാഥാസ്ഥിതികമായ ബാറ്റിംഗ് സമീപനം. ലോകകപ്പിൽ ഒരുതരത്തിലും ആക്രമിക്കാൻ തയ്യാറാവാത്ത ഇന്ത്യൻ നിരയെയാണ് കാണാനായത്. എന്നാൽ സീനിയർ താരങ്ങൾ മാറി നൽക്കുന്ന നിലവിലെ ടീമിൽ ആക്രമണപരമായ സമീപനം കാണുന്നുണ്ട്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ പരാജയമറിഞ്ഞെങ്കിലും ഈ സമീപനമാണ് ഇന്ത്യയെ കരകയറ്റിയത്. ഇനിയും ഇന്ത്യ ആക്രമണോത്സുകമായ സമീപനം തുടരണം എന്നാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക് പറയുന്നത്.
ഇന്ത്യക്ക് കഴിഞ്ഞ സമയങ്ങളിൽ ഐസിസി ടൂർണമെന്റുകളിൽ ജേതാക്കളാവാൻ സാധിക്കാതെ പോയത് ആക്രമണ സ്വഭാവം പുറത്തെടുക്കാത്തതുകൊണ്ടാണ് എന്ന് ദിനേശ് കാർത്തിക് പറയുന്നു. “2011 ന് ശേഷം ഒരു ലോകകപ്പിൽ വിജയിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ട്വന്റി20 ലീഗ് നമുക്കാണുള്ളത്. നമുക്ക് നല്ല കളിക്കാറുണ്ട്. നല്ല കഴിവുള്ള കളിക്കാരും ശക്തമായ ബെഞ്ചുമുണ്ട്. പക്ഷേ ഫലങ്ങൾ നമുക്ക് അനുകൂലമായി വരുന്നില്ല.”- കാർത്തിക്ക് പറയുന്നു.
“ഇങ്ങനെ സംഭവിക്കാനുള്ള പ്രധാന കാരണം നമ്മുടെ സമീപനത്തിനുള്ള പ്രശ്നങ്ങളാണ്. നമ്മുടെ ട്വന്റി ട്വന്റിയിലെ സമീപനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാലാണ് കഴിഞ്ഞ സമയങ്ങളിൽ ഐസിസിയുടെ ട്രോഫിയും നമുക്ക് നേടാൻ സാധിക്കാതെ വന്നത്.”- കാർത്തിക് കൂട്ടിച്ചേർക്കുന്നു.
“കഴിഞ്ഞ കുറച്ചധികം കാലങ്ങളായി നമ്മുടെ മനോഭാവത്തിൽ വ്യത്യാസങ്ങൾ കൊണ്ടുവരാൻ നായകൻ രോഹിത് ശർമ നന്നായി ശ്രമിച്ചിട്ടുണ്ട്. ലോകകപ്പിന് മുമ്പ് നടന്ന ദ്വിരാഷ്ട്രപരമ്പരകളിലും ഇത് ദൃശ്യമായിരുന്നു. എന്നാൽ ഓസ്ട്രേലിയയിൽ എത്തിയപ്പോൾ കഥ മാറി. അവിടുത്തെ പലവിക്കറ്റുകളും ഇത്തരം സമീപനങ്ങൾക്ക് യോജിച്ചതായിരുന്നില്ല. പക്ഷേ ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങൾ അവരുടെ ആക്രമണ സ്വഭാവം തുടരുകയും ജേതാക്കളാവുകയും ചെയ്തു.”- കാർത്തിക് പറഞ്ഞുവെക്കുന്നു.