ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20യിൽ വളരെ മോശം ബോളിംഗ് പ്രകടനമായിരുന്നു സീമർ അർഷദീപ് സിംഗ് കാഴ്ചവച്ചത്. മത്സരത്തിൽ രണ്ട് ഓവറുകൾ ബോൾ ചെയ്ത അർഷദീപ് 37 റൺസാണ് വിട്ടുനൽകിയത്. ഒരുതരത്തിലും താളം കണ്ടെത്താൻ സാധിക്കാതെ വന്ന അർഷദീപ് അഞ്ചു നോബോളുകളും എറിയുകയുണ്ടായി. ഈ മോശം പ്രകടനത്തെ വിമർശിച്ചുകൊണ്ട് ഒരുപാട് ക്രിക്കറ്റ് താരങ്ങൾ രംഗത്തുവരികയുണ്ടായി. പരീക്കിന് ശേഷം തിരികെ വന്ന അർഷദ്വീപിനെ നേരിട്ട് അന്താരാഷ്ട്ര മത്സരങ്ങൾ കളിപ്പിക്കേണ്ടിയിരുന്നില്ല എന്നാണ് ഇന്ത്യൻ താരം ഗൗതം ഗംഭീർ പറയുന്നത്.
അർഷദീപിനെ പരിക്കിന് ശേഷം നേരിട്ട് അന്താരാഷ്ട്ര മത്സരത്തിൽ കളിപ്പിച്ചത് ഇന്ത്യ കൈകൊണ്ട മോശം തീരുമാനമാണ് എന്ന് ഗംഭീർ പറയുന്നു. “7 എക്സ്ട്രാ ബോളുകൾ, 21 ഓവറുകൾക്ക് മുകളിൽ നമ്മൾ എറിഞ്ഞതിന് തുല്യമാണ്. എല്ലാവരും മോശമായി ബോൾ ചെയ്യും. മോശം ഷോട്ടുകൾ കളിക്കും. പക്ഷേ താളം കണ്ടെത്തും. നമ്മൾ വലിയൊരു പരിക്കിൽ നിന്ന് തിരിച്ചു വരുമ്പോൾ നേരിട്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാൻ പാടില്ല.”- ഗംഭീർ പറയുന്നു.
“അങ്ങനെയുള്ളപ്പോൾ കളിക്കാർ ആഭ്യന്തര ക്രിക്കറ്റിലേക്ക് പോകണം. അവിടെ താളം തിരിച്ചുപിടിക്കണം. കാരണം നോബോളുകൾ നമുക്ക് അംഗീകരിക്കാനാവില്ല. ആർക്ക് പരിക്കുപറ്റിയാലും അവർ ആഭ്യന്തര ക്രിക്കറ്റിൽ 15-20 ഓവറുകൾ കളിച്ചതിനുശേഷം തിരികെ വരണം. ഇത് ചെയ്യാത്തതുകൊണ്ടാണ് മത്സരത്തിൽ അർഷദീപ് സിംഗ് താളം കണ്ടെത്താൻ വിഷമിച്ചത്. “- ഗംഭീർ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞവർഷം നവംബറിൽ ന്യൂസിലാൻഡിനെതിരെയായിരുന്നു അർഷദീപ് തന്റെ അവസാന ഏകദിനമത്സരം കളിച്ചത്. ശേഷം പരിക്ക് മൂലം അർഷദീപ് മാറിനിൽക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 അർഷദീപ് കളിച്ചിരുന്നില്ല.