ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരം പൂനെയിൽ നടക്കുകയാണ്. മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. മത്സരത്തിലുണ്ടായ രസകരമായ ചില സംഭവങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയുണ്ടായി. മത്സരത്തിൽ ടോസ് നേടിയത് ഹർദിക് പാണ്ട്യയായിരുന്നു. ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പാണ്ട്യ ബോളിംഗ് തെരഞ്ഞെടുത്തു. പൂനെ പിച്ചിൽ ആദ്യം ബാറ്റു ചെയ്തിരുന്ന ടീമായിരുന്നു കൂടുതൽ തവണയും വിജയിച്ചിരുന്നത്.
അതിനാൽതന്നെ മുരളി കാർത്തിക് ഇക്കാര്യം പാണ്ട്യയെ ഓർമിപ്പിച്ചു. “കണക്കുകൾ നോക്കുമ്പോൾ ഈ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിക്കാറുള്ളത്.”- കാർത്തിക്ക് പറഞ്ഞു. “ആണോ, എനിക്ക് ആ കാര്യത്തെക്കുറിച്ച് അറിയില്ലായിരുന്നു”- ഹാർദിക് പാണ്ഡ്യ മറുപടി നൽകി. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നിരയ്ക്ക് മുകളിൽ ശ്രീലങ്കൻ ഓപ്പണർമാർ ആറാടുന്ന കാഴ്ചയായിരുന്നു മത്സരത്തിന്റെ തുടക്കത്തിൽ കാണാൻ സാധിച്ചത്. ഓപ്പണർമാരായ നിസംഗയും മെൻഡിസും ശ്രീലങ്കയ്ക്കായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചു.
ആദ്യ വിക്കറ്റിൽ 80 റൺസായിരുന്നു ഇരുവരും കൂട്ടിചേർത്തത്. ശേഷം അക്ഷർ പട്ടേലും ചാഹലും ചേർന്ന് ഇരുവരെയും പിടിച്ചുകെട്ടുകയായിരുന്നു. മധ്യ ഓവറുകളിൽ ശ്രീലങ്കയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും റൺറേറ്റ് താഴെ പോകാതെ ബാറ്റർമാർ ശ്രദ്ധിച്ചു. 19 പന്തുകളിൽ 37 റൺസെടുത്ത അസലങ്ക ശ്രീലങ്കയ്ക്കായി മധ്യ ഓവറുകളിൽ പൊരുതി. ശേഷം നായകൻ ഷാനക കൂടെ ക്രീസിൽ ഉറച്ചതോടെ ശ്രീലങ്ക വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്നു.
മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 206 റൺസാണ് ശ്രീലങ്ക നേടിയിട്ടുള്ളത്. ഈ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കണമെങ്കിൽ വലിയൊരു പ്രകടനം തന്നെ ഇന്ത്യൻ ബാറ്റർമാർക്ക് കാഴ്ചവയ്ക്കേണ്ടതുണ്ട്.
— Guess Karo (@KuchNahiUkhada) January 5, 2023