കഴിഞ്ഞ കുറച്ചധികം നാളുകളായി ഇന്ത്യൻ ടീമിൽ കണ്ടുവരുന്ന ഒന്നാണ് കളിക്കാരുടെ തുടർച്ചയായ വിശ്രമം. പലപ്പോഴും ബിസിസിഐ ഇന്ത്യയുടെ സീനിയർ കളിക്കാർക്ക് വിശ്രമം അനുവദിക്കാറുണ്ട്. പിന്നീട് വലിയ ടൂർണമെന്റുകളിലേക്ക് വരുമ്പോൾ ഇന്ത്യയെ ഇത് ബാധിക്കുന്നതും സ്ഥിരം കാഴ്ചയാണ്. അങ്ങനെ കളിക്കാർക്ക് വിശ്രമം ആവശ്യമായി വന്നാൽ ഐപിഎൽ സമയത്ത് അവർ അതെടുക്കാൻ തയ്യാറാവണം എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറയുന്നത്.
ഐപിഎല്ലിനെക്കാളും എന്തുകൊണ്ടും പ്രധാനകാര്യം ലോകകപ്പ് തന്നെയാണെന്നും അതിലേക്കായി ഇന്ത്യ കൃത്യമായി ശ്രദ്ധിക്കണമെന്നും ഗംഭീർ പറയുന്നു. “ഐപിഎൽ ഫ്രാഞ്ചസികൾക്ക് പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് ഉണ്ടാവട്ടെ. ഇന്ത്യൻ ക്രിക്കറ്റ് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. ഐപിഎൽ അല്ല. ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു ഉത്പന്നം മാത്രമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് ലോകകപ്പ് വിജയിക്കാൻ സാധിച്ചാൽ അതാണ് വലിയ കാര്യം. എന്നെ സംബന്ധിച്ച് ഐപിഎൽ വിജയിക്കുന്നതിലും പ്രധാനകാര്യം ലോകകപ്പ് നേടുക എന്നത് തന്നെയാണ്.”- ഗൗതം ഗംഭീർ പറയുന്നു.
“കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഒരു നിർണായക പിഴവ് ഇന്ത്യ കാട്ടുകയുണ്ടായി. തങ്ങളുടെ കളിക്കാരെ മതിയായ മത്സരങ്ങളിൽ ഒരുമിച്ചു കളിപ്പിക്കാൻ തയ്യാറായില്ല. നമ്മുടെ ഏറ്റവും മികച്ച ടീം എത്ര തവണ കഴിഞ്ഞ സമയങ്ങളിൽ കളിച്ചു? അതുകൊണ്ടുതന്നെ എല്ലാവരും കൃത്യമായി ഇത്തവണ ഏകദിനങ്ങൾ കളിക്കണം. അതിനായി ഐപിഎല്ലിൽ നിന്ന് ഇടവേളയെടുക്കേണ്ടി വന്നാൽ അത് എടുക്കാനും തയ്യാറാവണം.”- ഗൗതം ഗംഭീർ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഒരുപാട് ഇന്ത്യൻ താരങ്ങൾക്ക് പരിക്കേൽക്കുകയും വലിയ ടൂർണമെന്റുകളിൽ നിന്ന് ഒഴിവായി നിൽക്കേണ്ടിവരികയും ചെയ്യുന്നുണ്ട്. 2022ലെ ട്വന്റി20 ലോകകപ്പിൽ നിന്ന് രവീന്ദ്ര ജഡേജയ്ക്കും ബൂമ്രക്കും ഒഴിവാകേണ്ടി വന്നിരുന്നു. ഇതിനൊക്കെ കാരണം ഇന്ത്യയുടെ മത്സരങ്ങളുടെ സമയക്രമമാണെന്ന് പല മുൻ ക്രിക്കറ്റർമാരും വാദിക്കുന്നു.