2023ൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന വലിയ ടൂർണമെന്റ് 50 ഓവർ ലോകകപ്പ് തന്നെയാണ് എന്ന് നിസംശയം പറയാനാവും. ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ തന്നെ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്. ഇതിനുമുമ്പ് 2011ലായിരുന്നു ഇന്ത്യയിൽ 50 ഓവർ ലോകകപ്പ് നടന്നത്. അന്ന് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പട ജേതാക്കളാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ 2023ലെ ലോകകപ്പും നേടുമെന്നാണ് പ്രതീക്ഷ. ഇതിനായി ഇന്ത്യൻ ടീം കൈക്കൊള്ളേണ്ട ചില മാർഗനിർദേശങ്ങളെപറ്റി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ സംസാരിക്കുകയുണ്ടായി.
2023 ലോകകപ്പിലേക്ക് കുറച്ചധികം കളിക്കാരുടെ മിശ്രിതമാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് ഗംഭീർ പറയുന്നു. “ആദ്യം നമ്മൾ ചെയ്യേണ്ടത് ഭയപ്പാടില്ലാതെ കളിക്കാൻ സാധിക്കുന്ന കളിക്കാരെ കണ്ടെത്തുക എന്നതാണ്. ഒരു 50 ഓവർ ഫോർമാറ്റാവുമ്പോൾ എല്ലാത്തരത്തിലും കളിക്കാൻ സാധിക്കുന്ന ക്രിക്കറ്റർമാരുടെ ഒരു മിശ്രിതമാണ് നമുക്കാവശ്യം. നമ്മൾ എപ്പോഴും പുതിയ സമീപനങ്ങളെപറ്റി സംസാരിക്കാറുണ്ട്. എന്നാൽ അതിനായി കൃത്യമായി റോളിനാവശ്യമായ കളിക്കാരെ നമ്മൾ കണ്ടെത്തുകയും, പാകപ്പെടുത്തുകയും ചെയ്യണം.”- ഗംഭീർ പറയുന്നു.
ഇതോടൊപ്പം 2023 ലോകകപ്പിലെ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും റോളിനെപറ്റിയും ഗൗതം ഗംഭീർ സംസാരിക്കുകയുണ്ടായി. “കോഹ്ലിയെയും രോഹിത് ശർമയെയും പോലെയുള്ള ക്രിക്കറ്റർമാർക്ക് കൃത്യമായി ഇന്നിംഗ്സ് ആങ്കർ ചെയ്യാൻ സാധിക്കും. മാത്രമല്ല അവർക്ക് സ്പിന്നിനെതിരെ നന്നായി കളിക്കാനും പറ്റും. അതിനാൽതന്നെ വരുന്ന ലോകകപ്പിൽ ഇരുവരും വലിയ റോൾ തന്നെ കളിക്കും.”- ഗൗതം ഗംഭീർ കൂട്ടിച്ചേർക്കുന്നു.
2011 ലോകകപ്പിൽ എല്ലാത്തരം ബാറ്റർമാരുടെയും ആകെരൂപമായിരുന്നു ഇന്ത്യൻ നിര. അതിൽ ഇന്നിംഗ്സിന്റെ ആങ്കർ റോൾ കളിച്ചിരുന്നത് ഓപ്പണർ ബാറ്റർ ഗൗതം ഗംഭീർ ആയിരുന്നു. ഒപ്പം യുവരാജ്, റെയ്ന, യൂസഫ് തുടങ്ങിയവരും 2011 ലോകകപ്പിലെ നിർണായക സാന്നിധ്യങ്ങൾ ആയിരുന്നു.