ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20യിൽ തട്ടുപൊളിപ്പൻ പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ യുവനിര കാഴ്ചവച്ചത്. മത്സരത്തിൽ ദീപക് ഹൂഡയും അക്ഷർ പട്ടേലും ബാറ്റിംഗിൽ തിളങ്ങിയപ്പോൾ അരങ്ങേറ്റക്കാരനായ ശിവം മാവി ബോളിങ്ങിൽ അത്ഭുതം കാട്ടി. മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ മാവിക്ക് പകരം, 23 പന്തുകളിൽ 41 റൺസെടുത്ത ദീപക് ഹൂഡയ്ക്കായിരുന്നു മാൻ ഓഫ് ദി മാച്ച് നൽകിയത്. എന്നാൽ, തന്നെ സംബന്ധിച്ച് ശിവൻ മാവിക്കോ അക്ഷർ പട്ടേലിനോ ആയിരുന്നു മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകേണ്ടിയിരുന്നത് എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.
ദീപക് ഹൂഡയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജാഫർ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. “ഞാനായിരുന്നുവെങ്കിൽ മാൻ ഓഫ് ദ് മാച്ച് നൽകുക ശിവം മാവിയ്ക്കൊ അക്ഷർ പട്ടേലിനോ ആയിരുന്നു. അക്ഷർ അയാളുടെ ഭാഗം ഭംഗിയായി നിർവഹിച്ചു. അവസാന ഓവർ നന്നായി ബോൾ ചെയ്യുകയും, ബാറ്റിംഗിൽ തിളങ്ങുകയും ചെയ്തു. അക്ഷറും ഹൂഡയും ചേർന്നാണ് ഇന്ത്യയെ 160ൽ എത്തിച്ചത്. ശേഷം നിർണായക ഓവറും അയാൾ എറിഞ്ഞു.
ആ സമയത്ത് ആ ഓവർ അങ്ങനെ എറിഞ്ഞില്ലായിരുന്നുവെങ്കിൽ മത്സരത്തിൽ ഇന്ത്യ പരാജയമറിഞ്ഞേനെ. അതുകൊണ്ട് മാവിക്കോ അക്ഷറിനോ ആയിരുന്നു പ്ലെയർ ഓഫ് ദി മാച്ച് നൽകേണ്ടിയിരുന്നത്.”- വസീം ജാഫർ പറയുന്നു. “അക്ഷർ ഇത് മുൻപും ചെയ്തിട്ടുണ്ട്. ഏഴാം നമ്പറിൽ അയാൾ മികച്ച ഒരു ബാറ്ററാണ്. ഏകദിനത്തിലും അയാൾ നിർണായക ഇന്നിങ്സുകൾ കളിച്ചിട്ടുണ്ട്. അയാൾ നന്നായി കളിച്ചു. മികച്ച ഷോട്ടുകളും കളിച്ചു.”- ജാഫർ കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ മൂന്ന് ഓവറുകളിൽ 31 റൺസ് വിട്ടുനൽകിയ അക്ഷർ പട്ടേൽ വിക്കറ്റുകൾ ഒന്നും നേടിയിരുന്നില്ല. മറുവശത്ത് ശിവം മാവി നിർണായകമായ നാല് വിക്കറ്റുകൾ നേടി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് നിർണായകമായ വിജയം തന്നെയായിരുന്നു ഇത്.