അക്ഷർ പട്ടേലിന്റെ കിടിലൻ ഹീറോയിസമായിരുന്നു ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ വിജയം സമ്മാനിച്ചത്. അവസാന ഓവറിൽ 13 റൺസ് ശ്രീലങ്കയ്ക്ക് ആവശ്യമായിരുന്നു സമയത്താണ് അക്ഷർ ബോളിംഗ് ക്രീസിലെത്തിയത്. ആദ്യ പന്തിൽ വൈഡും സിംഗിളുമായി അക്ഷർ രണ്ട് റൺസ് നൽകി. എന്നാൽ രണ്ടാം പന്ത് വളരെ ബുദ്ധിപരമായി ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡ് ലൈന് അരികിലായി അയാൾ എറിഞ്ഞു. ഇത് വൈഡാണെന്ന് ധരിച്ച ബാറ്റർ കരുണാരത്നെ മാറിനിന്നു. എന്നാൽ ബോൾ ഡോട്ടായി മാറി.
ശേഷം മൂന്നാം ബോളിൽ അക്ഷരനെ സിക്സറിന് തൂക്കാൻ കരുണാരത്നെയ്ക്ക് സാധിച്ചു. ഇതോടെ സ്കോർ 3 പന്തിൽ 5 എന്ന നിലയിൽ താഴ്ന്നു. അടുത്ത പന്തിൽ വീണ്ടും ഒരു ഗോൾഡൻ ഡോട്ട് അയാൾ നേടി. രണ്ടാം ബോളിന് സമാനമായി ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡ് ലൈനരികിലായി എറിഞ്ഞ അക്ഷർ വീണ്ടും കരുണാരത്നയെ കബളിപ്പിച്ചു. ഈ മികവാർന്ന അക്ഷറിന്റെ ഡോട്ട് ബോളുകളാണ് ഇന്ത്യയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്.
ചെസിങ്ങിന് പേരുകേട്ട വാങ്കഡെയിൽ നേടിയ ശ്രീലങ്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവിന് വിപരീതമായി ബോളിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചായിരുന്നു വാങ്കഡേയിൽ കാണാൻ സാധിച്ചത്. ദുർഘടമായ പിച്ചിൽ ഇന്ത്യൻ മുൻനിരയെ വീഴ്ത്താൻ ശ്രീലങ്കൻ ബോളർമാർക്ക് സാധിച്ചു. എന്നാൽ മധ്യനിരയിൽ നായകൻ ഹർദിക്ക് പാണ്ട്യയും(29) ദീപക് ഹൂഡയും(41) അക്ഷർ പട്ടേലും(31) കളംനിറഞ്ഞതോടെ ഇന്ത്യ മത്സരത്തിൽ 162 എന്ന സ്കോറിൽ എത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്താൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ശിവം മാവിയും ഉമ്രാൻ മാലിക്കും തീ തുപ്പിയതോടെ ശ്രീലങ്ക പതറി. എന്നാൽ മധ്യനിരയിൽ നായകൻ ഷനകയും(45) കരുണാരത്നയെയും(23) ശ്രീലങ്കയ്ക്ക് പ്രതീക്ഷ നൽകി. ഒടുവിൽ അക്ഷർ പട്ടേലിന്റെ ഹീറോയിസത്തിൽ രണ്ട് റൺസിന് ഇന്ത്യ മത്സരത്തിൽ വിജയം കണ്ടു. ഇതൊടെ പരമ്പരയിൽ 1-0ന് ഇന്ത്യ മുൻപിൽ എത്തിയിട്ടുണ്ട്.