ശ്രീലങ്കയ്ക്കെതിരെ നാളെ ഇറങ്ങാൻ പോകുന്നത് ഇന്ത്യയുടെ യുവനിര അണിനിരക്കുന്ന ട്വന്റി20 ടീമാണ്. സീനിയർ താരങ്ങളാരും തന്നെ ഇല്ലാതെ ഒരു വലിയ പരീക്ഷണത്തിന് തന്നെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ മുതിരുന്നത്. ഹർദിക് പാണ്ഡ്യ പരമ്പരയിൽ ഇന്ത്യയുടെ നായകനാകുമ്പോൾ, സൂര്യകുമാർ യാദവാണ് ഉപനായകൻ. പുതിയ ലുക്കിലുള്ള ഇന്ത്യൻ ടീമിൽ തന്റെ പ്രതീക്ഷകളെ പറ്റി സംസാരിക്കുകയാണ് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര.
“ഇന്ത്യയുടെ പുതിയ ലുക്കുള്ള ടീമിൽ അനുഭവസമ്പത്ത് പ്രധാനം ചെയ്യുന്നത് ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരാണെന്നാണ് എനിക്ക് തോന്നുന്നത്. അതേസമയം തന്നെ ഒരുപാട് പുതിയ കളിക്കാരും ഇന്ത്യയുടെ സ്ക്വാഡിലുണ്ട്. ഇതിൽ സഞ്ജു സാംസന്റെ മത്സരം കാണുന്നതിൽ ഞാൻ വളരെ ആവേശഭരിതനാണ്.”- കുമാർ സംഗക്കാര പറയുന്നു.
സഞ്ജു അന്താരാഷ്ട്ര തലത്തിൽ തന്നെ ഒരു മാച്ച് വിന്നർ ആണെന്നാണ് കുമാർ സംഗക്കാര പറയുന്നത്. “സഞ്ജു രാജസ്ഥാൻ ടീമിന്റെ നായകനാണ്. അതിലും പ്രധാനമായി അവനൊരു അവിസ്മരണീയ ക്രിക്കറ്ററാണ്. ഒരു പവർഹൗസായി മാറാനുള്ള എല്ലാ കാര്യങ്ങളും സഞ്ജു സാംസണിലുണ്ട്. ഒരു ബാറ്റർ എന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജു ഒരു മാച്ച് വിന്നർ തന്നെയാണ്. അവനൊരു മികവാർന്ന യുവകളിക്കാരൻ ആണ്. ഒപ്പം അവൻ ഈ പരമ്പരയിൽ എങ്ങനെ കളിക്കുമെന്ന് കാണാൻ ഞാൻ ആവേശത്തിലുമാണ്.”- സംഗകാര കൂട്ടിച്ചേർക്കുന്നു.
വിരാട് കോഹ്ലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശ്രേയസ് അയർ തുടങ്ങിയവർ ആരുംതന്നെ ഇല്ലാതെയാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരക്ക് ഇറങ്ങുന്നത്. അതിനാൽതന്നെ സഞ്ജു സാംസൺ ടീമിനായി മധ്യനിരയിൽ കളിക്കാനാണ് സാധ്യത. എന്തായാലും സഞ്ജുവിന് മികച്ച ഒരു പരമ്പരയാകും ഇത് എന്നാണ് പ്രതീക്ഷിക്കുന്നത്.