ലോകക്രിക്കറ്റിനെ വളരെയധികം ഞെട്ടിച്ച വാർത്ത തന്നെയായിരുന്നു റിഷാഭ് പന്തിനുണ്ടായ കാർ അപകടം. ഡൽഹിയിൽ നിന്ന് തന്റെ വീട്ടിലേക്ക് പോകുന്ന വഴി പന്തിന്റെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ശേഷം പന്തിനെ പ്രാഥമിക ചികിത്സയ്ക്കായി റൂർഖയിലുള്ള ആശുപത്രിയിലേക്കും, പിന്നീട് മാക്സ് ആശുപത്രിയിലേക്കും മാറ്റി. മെഡിക്കൽ റിപ്പോർട്ട് പ്രകാരം പന്തിന് തന്റെ നെറ്റിയിലും കാലിലും കൈമുട്ടിനുമോക്കെ പരിക്ക് പറ്റിയിട്ടുണ്ട്. ഇതിന്റെ കൂടുതൽ നിരീക്ഷണങ്ങളിലാണ് ബി.സി.സി.ഐ മെഡിക്കൽ ടീം. ഇതോടൊപ്പം പന്തിന്, വരാനിരിക്കുന്ന ഇന്ത്യയുടെ നിർണായക പരമ്പരകളിലും കളിക്കാൻ സാധിക്കില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സ്പോർട്സ് പരിക്കു വിഭാഗത്തിലെ ഡോക്ടർ കമര്‍ ആസമാണ് പന്തിന്റെ നിലവിലെ അവസ്ഥയെപ്പറ്റി പറഞ്ഞത്. പന്തിന് അടുത്ത മൂന്നു മുതൽ ആറുമാസം വരെ വിശ്രമം ആവശ്യമായി വന്നേക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് ഇന്ത്യയുടെ നിർണായകമായ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ പന്തിന് സാധിക്കില്ല. ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം എഡിഷനിലും പന്ത് കളിക്കുന്ന കാര്യം സംശയമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
“പന്തിന് തന്റെ ലിഗമെന്‍റ് പരിക്കിൽ നിന്ന് തിരിച്ചെത്താൻ കുറഞ്ഞത് മൂന്നു മുതൽ ആറുമാസം വരെയെങ്കിലും ആവശ്യമായി വന്നേക്കും. മാത്രമല്ല കാര്യങ്ങൾ ഗൗരവകരമാണെങ്കിൽ അതിലുമധികം സമയം വേണ്ടിവന്നേക്കും. അദ്ദേഹത്തിന്റെ പരിക്കിനെപറ്റിയുള്ള പൂർണമായ വിവരങ്ങൾ ലഭിച്ചതിനുശേഷമേ ബാക്കി കാര്യങ്ങൾ പറയാൻ സാധിക്കൂ.”- ഡോക്ടർ ആസം പറഞ്ഞു.
നിലവിൽ പന്തീനെ ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിൽ പന്തിന്റെ സാഹചര്യങ്ങൾ ഗുരുതരമല്ല. എങ്കിലും കുറച്ചധികം നാളത്തെ ആശുപത്രിവാസം പന്തിന് ആവശ്യമായി വന്നേക്കും. അതിനാൽതന്നെ മുംബൈയിലേക്ക് മാറ്റാനാണ് സാധ്യത.